തിരുവനന്തപുരം നഗരസഭയിലേക്ക് മത്സരിക്കുന്ന എട്ട് വിമതരെ കോണ്‍ഗ്രസ് പുറത്താക്കി

തിരുവനന്തപുരം നഗരസഭയിലേക്ക് കോൺഗ്രസിൻ്റെ നിർദ്ദേശത്തിന് വിരുദ്ധമായി വിമത സ്ഥാനാർത്ഥികളായി മത്സരിക്കുന്ന എട്ട് പേരെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ അറിയിച്ചു. കഴക്കൂട്ടം വാർഡിൽ വി. ലാലു, ഹുസൈൻ, പൗണ്ട്കടവ് വാർഡിൽ എസ്.എസ്. സുധീഷ്‌കുമാർ, പുഞ്ചക്കരി വാർഡിൽ കൃഷ്ണവേണി, വിഴിഞ്ഞം വാർഡിൽ ഹിസാൻ ഹുസൈൻ, ഉള്ളൂരിൽ ജോൺസൻ തങ്കച്ചൻ, മണ്ണന്തല വാർഡിൽ ഷിജിൻ, ജഗതിയിൽ സുധി വിജയൻ എന്നിരെയാണ് പുറത്താക്കിയത്.

ജില്ലയിൽ ഒരു വാർഡിൽ രണ്ട് പേർക്ക് ‘കൈ’ ചിഹ്നം നൽകിയെന്ന വാർത്ത ശരിയല്ലെന്നും ഡി.സി.സി പ്രസിഡന്റ് വ്യക്തമാക്കി. വിഴിഞ്ഞം വാർഡിലെ ഔദ്യോഗിക കോൺഗ്രസ് സ്ഥാനാർത്ഥി കെ.എച്ച്. സുധീർഖാനാണ്. ഡമ്മിയായി നോമിനേഷൻ നൽകിയ വ്യക്തി, നോമിനേഷനിൽ കൈ ചിഹ്നം രേഖപ്പെടുത്തിയതുമായി പാർട്ടിക്കോ ഡിസിസിക്കോ ബന്ധമില്ല.

ഡി.സി.സി പ്രസിഡന്റ് ചിഹ്നം അനുവദിച്ചുകൊണ്ടുള്ള ഡിക്ലറേഷൻ റിട്ടേണിംഗ് ഓഫീസർക്ക് നൽകുന്ന സ്ഥാനാർത്ഥിക്കുമാത്രമേ കൈ ചിഹ്നം അനുവദിക്കുകയുള്ളൂ. വിഴിഞ്ഞം വാർഡിൽ ഡി.സി.സി പ്രസിഡന്റ് ചിഹ്നം അനുവദിച്ചത് കെ.എച്ച്. സുധീർഖാനാണ്. ഡമ്മി സ്ഥാനാർത്ഥിക്ക് പാർട്ടി ചിഹ്നത്തിന് വേണ്ടിയുള്ള ഡിക്ലറേഷൻ ഡി.സി.സി പ്രസിഡന്റ് നൽകിയിട്ടില്ലാത്തതിനാൽ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ച അവർ തിരുത്തണമെന്നും എൻ. ശക്തൻ ആവശ്യപ്പെട്ടു. വിഴിഞ്ഞം വാർഡിൽ കെ.എച്ച്. സുധീർഖാനാണ് കോൺഗ്രസ് സ്ഥാനാർത്ഥിയെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply