ഗാസയിൽ സമാധാന പദ്ധതി ആവിഷ്‌കരിക്കാൻ ലോകനേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടി ഈജിപ്തിൽ നടക്കാനിരിക്കെ, ഗാസ നഗരത്തിൽ നടന്ന ഏറ്റുമുട്ടലിൽ പലസ്തീൻ മാധ്യമ പ്രവർത്തകൻ സാലിഹ് അൽ ജഫറാവി കൊല്ലപ്പെട്ടു. യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിലൂടെ പ്രശസ്തി നേടിയ 28കാരനാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തി എന്നാണ് റിപ്പോർട്ട്.
ഞായറാഴ്ച രാവിലെ മുതൽ സാലിഹ് അൽ ജഫറാവിയെ കാണാനില്ലായിരുന്നു. പലസ്തീൻ നഗരമായ സബ്രയിൽ പ്രവർത്തിക്കുന്ന ഇസ്രയേൽ ബന്ധമുള്ള സായുധസംഘമാണ് കൊലപാതകത്തിനു പിന്നിലെന്ന് പലസ്തീൻ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. വടക്കൻ ഗാസയിൽ നിന്ന് കുടിയിറക്കപ്പെട്ട തന്റെ അനുഭവങ്ങളെക്കുറിച്ച് അദ്ദേഹം ജനുവരിയിൽ അൽ ജസീറയോട് സംസാരിച്ചിരുന്നു.
”ഈ 467 ദിവസങ്ങളിൽ ഞാൻ കടന്നുപോയ എല്ലാ രംഗങ്ങളും സാഹചര്യങ്ങളും എന്റെ ഓർമയിൽ നിന്ന് മാഞ്ഞുപോകില്ല. ഞങ്ങൾ നേരിട്ട സാഹചര്യങ്ങളൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല. ഓരോ നിമിഷവും ഞാൻ ഭയത്തോടെയാണ് ജീവിച്ചത്. അടുത്ത നിമിഷം എന്ത് നടക്കുമെന്ന് അറിയാതെ ഞാൻ ജീവിതം നയിക്കുകയായിരുന്നു” – അന്ന് സാലിഹ് അൽ ജഫറാവി പറഞ്ഞു. 2023 ഒക്ടോബറിൽ യുദ്ധം ആരംഭിച്ചതിനുശേഷം ഗാസയിൽ 270ലധികം മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

