‘ഓപ്പറേഷൻ നുംഖോർ’മായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ദുൽഖർ സൽമാന്റെ വാഹനം കസ്റ്റംസ് വിട്ടുനൽകാൻ തീരുമാനിച്ചു. ബാങ്ക് ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലാണ് നടന്റെ ലാൻഡ് റോവർ ഡിഫൻഡർ വാഹനം വിട്ടുനൽകുക. അന്വേഷണ പരിധിയിലുള്ള വാഹനമായതിനാൽ ചില നിബന്ധനകളും ഏർപ്പെടുത്തിയിട്ടുണ്ട്. കസ്റ്റംസ് അഡീഷണൽ കമ്മീഷണറാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. പിടിച്ചെടുത്ത ലാൻഡ് റോവർ ഡിഫൻഡർ തിരികെ ലഭിക്കുന്നതിനായി ദുൽഖർ സൽമാൻ കസ്റ്റംസിനെ സമീപിച്ചിരുന്നു. നടന്റെ അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി കസ്റ്റംസിനോട് നിർദേശിച്ചിരുന്നു.
ഓപ്പറേഷൻ നുംഖോറിൽ ദുൽഖർ സൽമാന്റെ മൂന്ന് വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തിരുന്നത്. ഇതിൽ ലാൻഡ് റോവർ ഡിഫൻഡർ വാഹനം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടാണ് ദുൽഖർ ഹൈക്കോടതിയെ സമീപിച്ചത്. കോടതി നിർദേശപ്രകാരമാണ് അദ്ദേഹം കസ്റ്റംസിനെ സമീപിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദുൽഖറിന്റെ അഭിഭാഷകൻ വാഹനം വിട്ടുനൽകണം എന്നാവശ്യപ്പെട്ട് രേഖകൾ സഹിതം കസ്റ്റംസിന് അപേക്ഷ സമർപ്പിച്ചത്.
വാഹനം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനം കസ്റ്റംസ് കോടതിയെ അറിയിക്കും. കേരളത്തിന് പുറത്തേക്ക് വാഹനങ്ങൾ കൊണ്ടുപോവരുത്, ആവശ്യപ്പെടുന്ന സാഹചര്യങ്ങളിൽ വാഹനം ഹാജരാക്കണം എന്നിവയാണ് കസ്റ്റംസ് ഏർപ്പെടുത്തിയിട്ടുള്ള പ്രധാന നിബന്ധനകൾ. ദുൽഖർ സൽമാൻ സമർപ്പിച്ച രേഖകളും കോടതിയുടെ ചില നിരീക്ഷണങ്ങളും അടിസ്ഥാനമാക്കിയാണ് കസ്റ്റംസ് വാഹനം വിട്ടുനൽകാൻ തീരുമാനിച്ചത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

