ശബരിമല സ്വർണ്ണക്കൊള്ളയിലെ മുഖ്യസൂത്രധാരൻ ഉണ്ണികൃഷ്ണൻ പോറ്റി മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നിൽക്കുന്നതായി അടൂർ പ്രകാശ് പുറത്തുവിട്ട ചിത്രം എഐ (AI) ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ ചിത്രത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാൻ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന് സാധിച്ചിട്ടില്ലെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി സോണിയ ഗാന്ധി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് അടൂർ പ്രകാശ് ഒളിച്ചോടുകയാണ്. ആരാണ് പോറ്റിക്ക് അപ്പോയിന്റ്‌മെന്റ് നൽകിയതെന്നും എന്തിനായിരുന്നു ആ കൂടിക്കാഴ്ചയെന്നും വ്യക്തമാക്കാൻ യുഡിഎഫ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്ത് ക്രിസ്തീയ, മുസ്‌ലിം വിഭാഗങ്ങൾക്ക് നേരെ അതിക്രമങ്ങൾ വർദ്ധിച്ചുവരികയാണെന്നും ക്രിസ്മസ് ആഘോഷിക്കാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും പിന്നാക്കക്കാരുടെ വീടുകൾ തകർക്കപ്പെടുന്നു. ഉത്തരേന്ത്യൻ ശൈലിയിലുള്ള അതിക്രമങ്ങൾ ദക്ഷിണേന്ത്യയിലേക്കും വ്യാപിക്കുകയാണെന്നും എന്നാൽ കേരളത്തിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഎഎസ് ഉദ്യോഗസ്ഥർ എസ്ഐടിയെ (SIT) ഭീഷണിപ്പെടുത്തുന്നുവെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണത്തെ അദ്ദേഹം പരിഹസിച്ചു. സതീശന്റെ ആരോപണങ്ങൾ പഴയ പൊട്ടാത്ത ബോംബുകൾ പോലെയാണെന്നും ഉദ്യോഗസ്ഥരുടെ പേര് പുറത്തുവിടാൻ അദ്ദേഹത്തിന് കഴിയില്ലെന്നും ഗോവിന്ദൻ പറഞ്ഞു. സ്വർണ്ണക്കൊള്ളയ്ക്കുള്ള നിർദ്ദേശങ്ങൾ നൽകിയത് മുഖ്യമന്ത്രിയാണെന്ന അടൂർ പ്രകാശിന്റെ ആരോപണങ്ങൾക്കിടെയാണ് എം.വി. ഗോവിന്ദന്റെ ഈ പ്രതികരണം.

