കന്യാസ്ത്രീകളുടെ അറസ്റ്റിനെ തുടർന്ന് ക്ലിമീസ് ബാവയുടെ പ്രതികരണം ഇന്നത്തെ സാഹചര്യത്തിലെന്ന് കെ സുരേന്ദ്രൻ. അത് സ്ഥായിയായ നിലപാടായി കാണേണ്ടതില്ല, രാഷ്ട്രീയം നോക്കിയാണ് ഇവിടെ ബഹളം വെയ്ക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ദുഷ്ടലാക്കാണിത് എന്നും സുരേന്ദ്രൻ പ്രതികരിച്ചു. ക്രിസ്ത്യൻ സഭകളുടെ സംയുക്ത പ്രതിഷേധത്തിൽ മലങ്കര കത്തോലിക്കാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്‌ളിമീസ് ബാവ തുറന്നടിക്കുകയായിരുന്നു. അറസ്റ്റിലായ സന്യാസിനിമാർ ദേശ ദ്രോഹികളല്ലെന്നും മതേതര രാഷ്ട്രത്തിലെ സഹോദരിമാരാണെന്നും കർദിനാൾ ക്ലിമീസ് ബാവ പറഞ്ഞു.
സന്യാസിനിമാർ മതേതര ഭാരതത്തിൻറെ അഭിമാനമാണ്. ആർഷ ഭാരതത്തിന് അവിഭാജ്യഘടകമാണ് അവർ. അവരുടെ സമർപ്പണം എക്കാലവും ഓർമിക്കപ്പെടണം. സന്യാസിനിമാർ ആൾക്കൂട്ട വിചാരണ നേരിട്ടു. അവർക്ക് ജാമ്യം നിഷേധിച്ചപ്പോൾ ഒരു കൂട്ടം ആളുകളുടെ ആഘോഷം കണ്ടു. ഇതാണോ ആർഷ ഭാരത സംസ്‌ക്കാരമെന്നും ക്ലിമീസ് ബാവ ചോദിച്ചു. ചൂരൽമലയിലും മുണ്ടക്കൈയിലും വരെ ക്രൈസ്തവ സമൂഹം ഓടിയെത്തി. അവരും അവരുടെ പിൻമുറയും ആണ് പ്രതിഷേധിക്കാനെത്തിയത്. വേദന ഭരണാധികാരികളോട് അല്ലാതെ ആരോട് പറയാനെന്നും ക്ലിമീസ് ബാവ.
സന്യാസിനിമാർ രാജ്യത്തിൻറെ അനുഗ്രഹമാണെന്നും പതിനായിരകണക്കിന് മനുഷ്യരെ അവർ ഉയർത്തിയെന്നും ക്ലിമീസ് ബാവ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിനെതിരെയും ക്ലിമീസ് ബാവ വിമർശനം ഉന്നയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ തന്നെ കന്യാസ്ത്രികൾക്കെതിരെയ ആരോപണം ശരിയല്ലെന്ന് പറയുന്നു. എങ്കിൽ പിന്നെന്തിനാണ് കൽത്തുറുങ്ക്, തുറന്ന് വിട്ടാൽ പോരെയെന്ന് ക്ലിമീസ് ബാവ ചോദിച്ചു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

