നെല്ല് സംഭരണ ചുമതല സഹകരണ സംഘങ്ങൾക്ക്; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം

സംസ്ഥാനത്തെ നെല്ല് സംഭരണ രീതിയിൽ നിർണ്ണായക മാറ്റം വരുന്നു. നെല്ല് സംഭരണത്തിന്റെ പൂർണ്ണ ചുമതല സഹകരണ സംഘങ്ങളെ ഏൽപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനമായി. നിലവിലെ സംഭരണ രീതിയിലെ പോരായ്മകൾ പരിഹരിക്കാനും കർഷകർക്ക് കൃത്യസമയത്ത് തുക ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം. ചീഫ് സെക്രട്ടറിക്കും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർക്കുമാണ് ഇതിന്റെ നടത്തിപ്പ് ചുമതല.

വരുന്ന സീസൺ മുതൽ തന്നെ പുതിയ സംവിധാനം നടപ്പിലാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. സന്നദ്ധത അറിയിക്കുന്ന പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ വഴി കർഷകരിൽ നിന്ന് നേരിട്ട് നെല്ല് സംഭരിക്കും. ഇതിനായി ജില്ലാ-താലൂക്ക് തലങ്ങളിൽ പാടശേഖര സമിതികളുടെയും കർഷകരുടെയും പങ്കാളിത്തത്തോടെ നോഡൽ സഹകരണ സംഘങ്ങൾ രൂപീകരിക്കും.

സംഭരിക്കുന്ന നെല്ല് നോഡൽ സംഘങ്ങളുടെ സ്വന്തം മില്ലുകളിലോ, വാടകയ്‌ക്കെടുക്കുന്ന മില്ലുകളിലോ അല്ലെങ്കിൽ സ്വകാര്യ മില്ലുകൾ വഴിയോ സംസ്കരിക്കണം. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സഹകരണ സംഘങ്ങളെ സഹായിക്കാൻ കേരള ബാങ്ക് വഴി പ്രത്യേക വായ്പാ പദ്ധതിയും നടപ്പിലാക്കും. ജില്ലാ കളക്ടർമാരുടെ അധ്യക്ഷതയിൽ രൂപീകരിക്കുന്ന സമിതികൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. നെല്ല് സംഭരണവും പണം നൽകുന്നതും സുതാര്യമാക്കാൻ പ്രത്യേക ഡിജിറ്റൽ പോർട്ടലും സജ്ജമാക്കും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply