സർവകലാശാല വൈസ് ചാൻസലർ വിഷയത്തിലെ ഗവർണർ – സർക്കാർ പോരിൽ നിർണായക നീക്കത്തിന് മന്ത്രിസഭാ യോഗത്തിൻറെ അനുമതി. ഡിജിറ്റൽ സർവകലാശാല ആക്റ്റിൽ ഭേദഗതി വരുത്താനാണ് ഇന്ന് ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചത്. ഇതിനായി ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചിട്ടുണ്ട്. വി സി നിയമന വ്യവസ്ഥകളിൽ അടക്കം മാറ്റം വരുത്തുന്നതാകും ഓർഡിനൻസ്. യു ജി സി നിർദേശവും സുപ്രീം കോടതി വിധിയും അനുസരിച്ച് മാറ്റം വരുത്താനാണ് തീരുമാനം. സെർച്ച് കമ്മിറ്റി ഘടനയിലും മാറ്റം വരും.
കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവ്വകലാശാലയുടെ വൈസ് ചാൻസലറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട 2021 ലെ കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവ്വകലാശാല ആക്റ്റിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിനുള്ള കരട് ഓർഡിനൻസ് മന്ത്രിസഭായോഗം അംഗീകരിച്ചു. 11-ാം വകുപ്പിൻറെ (3), (4), (6) ഉപവകുപ്പുകൾ 2018 ലെ യു ജി സി ചട്ടങ്ങൾക്കും, സമീപകാലത്തുണ്ടായ കോടതി ഉത്തരവുകൾക്കും അനുസൃതമായി ഭേദഗതി ചെയ്യുന്നതിനുള്ള കരട് ഓർഡിനൻസാണ് അംഗീകരിച്ചത്. ഓർഡിനൻസ് വിളംബരപ്പെടുത്തുന്നതിന് ഗവർണറോട് ശിപാർശ ചെയ്യാനും തീരുമാനിച്ചതായി സർക്കാർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
താത്കാലിക വി സിക്ക് പകരം സ്ഥിരം വി സിയെ നിയമിക്കാനാണ് സർക്കാർനീക്കം. സിസാ തോമസിനെ ഗവർണർ താൽക്കാലിക വി സി ആയി നിയമിച്ചത് 6 മാസത്തേക്കാണ്. ഇതടക്കം മറികടക്കാനുള്ള ഓർഡിൻസാകും സർക്കാർ കൊണ്ടുവരിക. എന്നാൽ ഈ ഓർഡിനൻസിൽ ഗവർണർ ഒപ്പിടുമോ എന്നതാണ് ആകാംക്ഷയേകുന്ന കാര്യം.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

