കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, എൻ വി അഞ്ജാരിയ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് വിധി. അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കാൻ സുപ്രീംകോടതി മുൻ ജഡ്ജി അജയ് രസ്തോഗിയുടെ നേതൃത്വത്തിലുള്ള സമിതിയെയും നിയോഗിച്ചിട്ടുണ്ട്. സമിതിയിൽ തമിഴ്‌നാട് കേഡറിലുള്ള രണ്ട് ഐപിഎസ് ഓഫീസർമാരുണ്ടാകും. അവർ തമിഴ്‌നാട് സ്വദേശികൾ ആകരുതെന്നും, ഐജി റാങ്കിൽ ഉള്ളവരാകണമെന്നും സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.
കരൂർ ആൾക്കൂട്ട ദുരന്തത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ടിവികെ അധ്യക്ഷനും നടനുമായ വിജയ് ആണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും, വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നുമാണ് ടിവികെ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. തമിഴ്‌നാട് പൊലീസിലെ ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി എസ്‌ഐടി രൂപീകരിക്കുന്ന ഹൈക്കോടതി വിധിയെ ജനറൽ സെക്രട്ടറി ആദവ് അർജുന ഹർജിയിൽ എതിർത്തിരുന്നു.അന്വേഷണം സിബിഐക്ക് കൈമാറാൻ വിസമ്മതിച്ച മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഒക്ടോബർ 3-ന് പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്തും സുപ്രീംകോടതിയിൽ ഹർജിയെത്തിയിരുന്നു. ഇതിൽ വാദം കേൾക്കുന്നതിനിടെ, ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച രീതിയെ സുപ്രീംകോടതി വിമർശിച്ചിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ റാലികൾക്ക് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോൾ ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
കരൂർ മധുര ബെഞ്ചിന്റെ അധികാരപരിധിയിൽ വരുമ്പോൾ ചെന്നൈയിലെ പ്രിൻസിപ്പൽ ബെഞ്ചിന് എങ്ങനെ ഉത്തരവുകൾ പുറപ്പെടുവിക്കാൻ കഴിയുമെന്നും സുപ്രീംകോടതി ചോദിച്ചിരുന്നു. നടൻ വിജയ് യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം സെപ്റ്റംബർ 27 ന് തമിഴ്നാട്ടിലെ കരൂരിൽ സംഘടിപ്പിച്ച റാലിയിലാണ് ആൾക്കൂട്ട ദുരന്തം ഉണ്ടായത്. തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് മരിച്ചത്. സംഭവത്തിൽ തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

