കനത്ത മഴ; റെഡ് അലർട്ട്, കണ്ണൂരിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിർത്തിവെച്ചു

കണ്ണൂരുൽ മഴയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും നിർത്തിവെച്ചു. 17, 18, 19, 20 തീയ്യതികളിൽ ഡിടിപിസിക്ക് കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ജില്ലയിലെ ബീച്ചുകളിൽ അടക്കം പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. കയാക്കിങ്, റാഫ്റ്റിങ്, ട്രെക്കിങ് തുടങ്ങിയ സാഹസിക വിനോദ സഞ്ചാര പ്രവർത്തനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിട്ചുണ്ട്.

സംസ്ഥാനത്ത് കനത്ത മഴ ജാഗ്രത നൽകിയിട്ടുണ്ട്. നാല് ദിവസത്തേക്ക് അതിതീവ്ര മഴ മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്നത്. വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരും. ഇന്ന് നാല് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ രാത്രിയിലുണ്ടായ കനത്ത മഴയിൽ കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. കോഴിക്കോട് കുററ്യാടി ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. മുപ്പതോളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. തലയാട് പേര്യമലയിൽ ഉരുൾ പൊട്ടി കൃഷി നാശമുണ്ടായി. ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ കാസർകോട് മേല്പറമ്പിൽ വീടിന് മുകളിൽ കൂറ്റൻ കല്ല് പതിച്ചു, അപകടത്തിൽ നടക്കാൽ സ്വദേശിയും കടുംബവും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അജാനൂർ കടപ്പുറത്തെ മീനിറക്ക് കേന്ദ്രം ഭാഗികമായും റോഡ് പൂർണമായും കടലാക്രമണത്തിൽ തകർന്നു. ഇന്നലെ മണ്ണിടിച്ചിൽ ഉണ്ടായ കുളങ്ങാട്ട് മലയിൽ നിന്നും കൂടുതൽ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കണ്ണൂർ ശ്രീകണ്ഠപുരം പയ്യാവൂർ റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.

Leave a Reply

Discover more from Radio Keralam 1476 AM News

Subscribe now to keep reading and get access to the full archive.

Continue reading