ഡ്രോണ്‍ ഉപയോഗിച്ച് സ്ത്രീകളുടേയും കുട്ടികളുടേയും ദൃശ്യങ്ങൾ പകർത്തി, സ്വകാര്യത ലംഘിച്ചു; മാധ്യമങ്ങൾക്കെതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

നടൻ ദിലീപിന്റെ വസതിയിൽ ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയതിനെതിരെ പരാതിയുമായി കുടുംബം രംഗത്ത്. പ്രമുഖ വാർത്താ ചാനലുകൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ ദിലീപിന്റെ സഹോദരി എസ്. ജയലക്ഷ്മി സുരാജ് ആലുവ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പരാതി നൽകി. റിപ്പോർട്ടർ ടിവി, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകൾക്കും അവയുടെ മേധാവികൾക്കുമെതിരെയാണ് നിയമനടപടി ആവശ്യപ്പെട്ടിരിക്കുന്നത്.

2025 ഡിസംബർ 8-ന് ആലുവയിലെ ‘പത്മസരോവരം’ വസതിയിൽ അതിക്രമിച്ചു കയറി ഡ്രോൺ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെയുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു എന്നാണ് പരാതിയിലെ പ്രധാന ആരോപണം. വീട്ടിലുള്ളവരുടെ സമ്മതമോ മുൻകൂർ അനുമതിയോ കൂടാതെ നടത്തിയ ഈ കൃത്യം സ്വകാര്യതയുടെ നഗ്നമായ ലംഘനമാണെന്ന് ജയലക്ഷ്മി ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായി പകർത്തിയ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തതിലൂടെ കുടുംബാംഗങ്ങളുടെ അന്തസ്സിനും സുരക്ഷയ്ക്കും സൽപ്പേരിനും വലിയ ദോഷം സംഭവിച്ചതായും പരാതിയിൽ പറയുന്നു.

ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഡ്രോണുകൾ, മെമ്മറി കാർഡുകൾ, സ്റ്റോറേജ് ഡിവൈസുകൾ എന്നിവ പിടിച്ചെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിന്റെ വിധി പറയുന്ന ദിവസം ദിലീപ് കോടതിയിലേക്ക് പോകുന്നതും തിരികെ വരുന്നതുമായ ദൃശ്യങ്ങൾ മാധ്യമങ്ങൾ ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ച് തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ഇപ്പോൾ നിയമനടപടിയുമായി കുടുംബം മുന്നോട്ട് വന്നിരിക്കുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply