ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി കത്തോലിക്ക സഭ മുഖപത്രം ദീപികയുടെ മുഖപ്രസംഗം. ബിജെപിയുടെ അനുഗ്രഹത്തോടെ ഹിന്ദുത്വരാഷ്ട്രം നിർവചിക്കപ്പെടുന്നുവെന്ന് ദീപിക വിമർശിച്ചു. ബന്ദികളായത് മതേതര ഭരണഘടനയാണ്. ന്യൂനപക്ഷങ്ങൾ കേരളത്തിലൊഴികെ എല്ലായിടത്തും അരക്ഷിതാവസ്ഥയിലാണ്. ക്രിസ്മസും ഈസ്റ്ററും ആഘോഷിക്കാൻ സംഘപരിവാറിന്റെ ഔദാര്യ വേണമെന്നും ദീപിക മുഖപ്രസംഗത്തിൽ പറയുന്നു.
ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ചാണ് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കേസ് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ സിബിസിഐ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കുകയാണ് സഭാ നേതൃത്ത്വം. കന്യാസ്ത്രീകൾക്ക് പൂർണ പിന്തുണയുമായി കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ പരസ്യമായി രംഗത്തെത്തി. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്യിപ്പിച്ചത് ബജ്‌റംഗ്ദൾ ആകാമെന്നും രാജ്യവിരുദ്ധരായ ഇവർക്കെതിരെ ശക്തമായ നടപടി വേണമെന്നും സിബിസിഐ വക്താവ് തുറന്നടിച്ചു. സഭാ വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ ഈയിടെയായി അക്രമസംഭവങ്ങൾ ആവർത്തിക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ഉടനടി ഇടപെടണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.
കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ പെൺകുട്ടികളെ നിർബന്ധിച്ചെന്നും കന്യാസ്ത്രീകൾക്ക് യാത്രാ രേഖകളില്ലായിരുന്നുവെന്ന ആരോപണം വ്യാജമാണെന്നും സിബിസിഐ വ്യക്തമാക്കി. സഭാ നേതൃത്വം പ്രധാനമന്ത്രിയുടെ ഓഫീസിനെ ഇതിനോടകം ബന്ധപ്പെട്ടിട്ടുണ്ട്. സിബിസിഐ അധ്യക്ഷൻ ആൻഡ്രൂസ് താഴത്തും ജന സെക്രട്ടറിയും ദില്ലി ആർച്ച്ബിഷപ്പുമായ അനിൽ കൂട്ടോയും മുതിർന്ന മന്ത്രിമാരെ നേരിട്ട് കണ്ട് പരാതി അറിയിച്ചേക്കും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

