ശ്രീലങ്കയില്‍ നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്; 56 മരണം, സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളും അടച്ചു

ഡിറ്റ്‌വാ ചുഴലിക്കാറ്റ് ശ്രീലങ്കയിൽ കനത്ത നാശനഷ്ടം വിതച്ചു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 56 ആയി ഉയർന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. രണ്ടുദിവസമായി രാജ്യത്ത് വീശിയടിച്ച കാറ്റിൽ 23 പേരെ ഇനിയും കണ്ടെത്താനുണ്ട്.

തലസ്ഥാനമായ കൊളംബോയിൽ നിന്ന് 300 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ബദുള്ള, നുവാര ഏലിയ എന്നിവിടങ്ങളിലെ തേയിലത്തോട്ടം മേഖലയിലാണ് 25-ൽ അധികം പേർ മരിച്ചത്. 23 പേരെ കാണാതായെന്നും 14 പേർക്ക് പരിക്കേറ്റതായും ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു. നദികളിലെ ജലനിരപ്പ് അപകടകരമായ വിധത്തിൽ ഉയരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാർ ഉയർന്ന സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ കെലാനി നദീതടത്തിലെ താഴ്ന്ന പ്രദേശങ്ങൾക്ക് റെഡ് ലെവൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ജലസേചന വകുപ്പിനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ ട്രെയിൻ സർവീസുകളും രാജ്യത്ത് റദ്ദാക്കി. രാജ്യത്തുടനീളം ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾക്കായി ഏകദേശം 20,500 സൈനികരെ വിന്യസിച്ചതായാണ് റിപ്പോർട്ട്.

കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ശ്രീലങ്കയ്ക്ക് സഹായം എത്തിക്കാൻ ഇന്ത്യൻ കപ്പലുകൾ രാജ്യത്തെത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ദുരിതാശ്വാസ സാമഗ്രികളാണ് കപ്പലുകളിലുള്ളത്. ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തിയ മോദി, ‘ഓപ്പറേഷൻ സാഗർ ബന്ധു’വിന്റെ ഭാഗമായി ഇന്ത്യ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നതായി അറിയിച്ചു.

“ഡിറ്റ്‌വാ ചുഴലിക്കാറ്റിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ശ്രീലങ്കയിലെ ജനങ്ങൾക്ക് എന്റെ ഹൃദയംഗമമായ അനുശോചനം. എല്ലാ ദുരിതബാധിത കുടുംബങ്ങളുടെയും സുരക്ഷയ്ക്കായി ഞാൻ പ്രാർഥിക്കുന്നു,” മോദി എക്‌സിൽ കുറിച്ചു. പ്രാഥമിക ദുരന്ത നിവാരണ സാമഗ്രികളും സഹായവും ശ്രീലങ്കയിൽ എത്തിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ പരിശോധിച്ച് കൂടുതൽ സഹായം നൽകാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ‘അയൽപക്കക്കാരോടുള്ള പ്രഥമ നയവും’ ‘മഹാസാഗർ’ എന്ന കാഴ്ചപ്പാടും പ്രതിഫലിപ്പിക്കുന്നതാണ് ഈ അടിയന്തിര സഹായമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply