മാമി തിരോധാന കേസ്; പൊലീസിന് വൻ വീഴ്ചയെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്

കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിൽ പ്രാഥമിക അന്വേഷണം നടത്തിയ ലോക്കൽ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ക്രൈംബ്രാഞ്ചിൻറെ റിപ്പോർട്ട്. നിർണായക സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നതിലുൾപ്പെടെ പോലീസിന് വീഴ്ചയുണ്ടായതായാണ് റിപ്പോര്ട്ട്. കേസിലെ നിർണായ തെളിവായ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചില്ലെന്നും, സിസിടിവി മനപ്പൂർവം ശേഖരിക്കാതിരുന്നതാണെന്നും ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ വിലയിരുത്തൽ.

ക്രൈംബ്രാഞ്ച് എഡിജിപിയുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ അന്നത്തെ നടക്കാവ് എസ് എച്ച് ഉൾപ്പെടെയുളളവർക്കെതിരെ ഉത്തരമേഖലാ ഐജി അന്വേഷണം പ്രഖ്യാപിച്ചു. സിസിടിവി ശേഖരിച്ചില്ല എന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ഇതിനായി നീക്കം തുടങ്ങിയപ്പോഴേക്ക് ദൃശ്യങ്ങൾ മാഞ്ഞു പോയിരുന്നു. മാൻ മിസ്സിംഗിന് കേസെടുത്ത് അന്വഷണം നടത്തിയതിൽ ലോക്കൽ പോലീസിന് ഗുരുതര വീഴ്ചയുണ്ടായതായാണ് ക്രൈംബ്രാഞ്ച് എഡിജിപിയുടെ റിപ്പോർട്ടിലുള്ളത്. പ്രാഥമിക അന്വേഷണത്തിൻറെ ഘട്ടത്തിൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘം ശ്രമിച്ചില്ല. ആദ്യഘട്ടത്തിലെ സൂചനകൾ ശേഖരിക്കുന്നതിലും ഗുരുതര വീഴ്ചയുണ്ടായെന്നും റിപ്പോര്ട്ടിൽ പറയുന്നു.

ഈ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് ഉത്തരമേഖലാ ഐ ജി രാജ് പാൽ മീണ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. നടക്കാവ് മുൻ എസ് എച്ച് ഓ പി കെ ജിജീഷ്,എസ് ഐ ബിനു മോഹൻ,സീനിയർ സിപിഓ എം പി ശ്രീകാന്ത്,കെ കെ ബിജു എന്നിവർക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.എസ് ഐക്കായിരുന്നു അന്വേഷണ ചുമതലയെങ്കിലും മേൽ നോട്ടചുമതലയുണ്ടായിരുന്നതിനാലാണ് എസ് എച്ച് ഓക്കെതിരെയും അന്വേഷണം നടത്തുന്നത്. ക്രമസമാധാന ചുമതലയില്ലാത്ത അസിസ്റ്റൻറ് കമ്മീഷണർക്കാണ് അന്വേഷണത്തിൻറെ ചുമതല. അറുപതു ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണം.

ലോക്കൽ പൊലീസിൻറെ അന്വേഷണത്തിൽ മനപൂർവ്വം വീഴ്ചവരുത്തിയെന്നാരോപിച്ച് മുൻ എം എൽ എ പിവി അൻവറും മാമിയുടെ കുടുംബാംഗങ്ങളും നേരത്തെ രംഗത്ത് വന്നിരുന്നു. മാമി തിരോധാന കേസ് നിലവിൽ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ബാലുശേരി എരമംഗലം സ്വദേശിയും റിയൽ എസ്റ്റേറ്റ് ഇടപാടുകാരനുമായിരുന്ന മുഹമ്മദ് ആട്ടൂർ എന്ന മാമിയെ 2023 ഓഗസ്റ്റ് 21 നാണ് കോഴിക്കോട്ട് നിന്ന് കാണാതായത്. കേരളത്തിനകത്തും പുറത്തുമുള്ള ഇടനിലക്കാരുമായി ബന്ധമുള്ള മാമി അരയിടത്തുപാലത്തെ ഓഫീസിൽ നിന്നും വീട്ടിലേക്ക് ഇറങ്ങിയതിന് ശേഷം തിരിച്ചെത്തിയിട്ടില്ല. നടക്കാവ് പൊലീസ് കേസ് എടുത്ത് ഉടനടി അന്വേഷണം തുടങ്ങി. സുഹൃത്തുക്കളിൽ നിന്നും ബിസിനസ് പങ്കാളികളിൽ നിന്നും മൊഴി എടുത്തു. സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു.

എന്നാൽ അന്വേഷണത്തിൽ പുരോഗതിയൊന്നും ഉണ്ടായില്ല. നടക്കാവ് പൊലീസിൻറെ അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപം ഉയർന്നതോടെ കോഴിക്കോട് കമ്മീഷണരുടെ മേൽനോട്ടത്തിലുള്ള സ്‌ക്വാഡും കേസ് അന്വേഷിച്ചിരുന്നു. കേസ് സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യം ശക്തമാക്കി കുടുംബം രംഗത്തെത്തിയെങ്കിലും സംസ്ഥാന സർക്കാർ സി ബി ഐക്ക് കൈമാറിയില്ല. പൊലീസീൽ നിന്ന് ക്രൈം ബ്രാഞ്ചിന് കൈമാറിയ കേസിൽ ഇപ്പോഴിതാ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതോടെ മാമിയെ കണ്ടെത്താം എന്ന പ്രതീക്ഷയിലായിരുന്നു കുടുംബം.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply