ആരോപണങ്ങൾ പാർട്ടി അന്വേഷിക്കണം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഹൈക്കമാൻഡിന് പരാതി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഹൈക്കമാൻഡിന് പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി. സാജൻ. രാഹുലിനെതിരെയുള്ള ആരോപണങ്ങൾ പാർട്ടിതലത്തിൽ അന്വേഷിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സജന പരാതിയുമായി രംഗത്തെത്തിയത്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എം.പി. എന്നിവർക്കാണ് സജന പരാതി നൽകിയിട്ടുള്ളത്. ദേശീയ തലത്തിലുള്ള വനിതാ നേതാക്കൾ ഉൾപ്പെടുന്ന അന്വേഷണ സംഘം ഇരകളായ കുട്ടികളെ കണ്ടെത്തി അവരുടെ പ്രശ്നം മനസ്സിലാക്കണമെന്ന് സജന ആവശ്യപ്പെട്ടു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുന്നതിനെച്ചൊല്ലിയുള്ള അഭിപ്രായഭിന്നത കോൺഗ്രസിൽ തുടരുകയാണ്. രാഹുലിനെ പിന്തുണച്ച് കെ.പി.സി.സി. മുൻ പ്രസിഡന്റ് കെ. സുധാകരൻ രംഗത്തുവന്നിരുന്നു. എന്നാൽ കെ. സുധാകരനെ തള്ളി കെ. മുരളീധരനും രമേശ് ചെന്നിത്തലയും രംഗത്തെത്തി. രാഹുൽ നിലവിൽ സസ്പെൻഷനിലാണെന്നും, അതിനാൽ പാർട്ടി നേതാക്കൾക്കൊപ്പം വേദി പങ്കിടാനാകില്ലെന്നുമാണ് കെ. മുരളീധരൻ വ്യക്തമാക്കിയത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply