ഷെയ്ഖ് ഹസീനയെ കൈമാറണം; ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ബംഗ്ലാദേശ്, നയതന്ത്ര കുറിപ്പ് കൈമാറി

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ഇന്ത്യയോട് ബംഗ്ലാദേശ് സർക്കാർ രേഖാമൂലം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നയതന്ത്ര കുറിപ്പ് ഇന്ത്യക്ക് കൈമാറിയതായി റിപ്പോർട്ടുകളുണ്ട്. ഷെയ്ഖ് ഹസീനക്ക് വധശിക്ഷ നൽകികൊണ്ടുള്ള കോടതി വിധി പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ബംഗ്ലാദേശ് ഈ ആവശ്യം ഔദ്യോഗികമായി ഉന്നയിച്ചത്. നേരത്തെ വാക്കാൽ കൈമാറ്റം ആവശ്യപ്പെട്ടിരുന്നെങ്കിലും, രേഖാമൂലമുള്ള ആവശ്യം ഇതാദ്യമാണ്.

ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രശ്‌നങ്ങളെ തുടർന്നാണ് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയത്. രേഖാമൂലം കൈമാറ്റം ആവശ്യപ്പെട്ടാൽ അപ്പോൾ നിലപാട് അറിയിക്കുമെന്നാണ് നേരത്തെ ഇന്ത്യൻ സർക്കാർ വ്യക്തമാക്കിയിരുന്നത്. എന്നാൽ, ഷെയ്ഖ് ഹസീനയെ കൈമാറുന്നത് പ്രശ്‌നം കൂടുതൽ വഷളാക്കാനേ ഇടയാക്കൂ എന്നും പ്രശ്‌നപരിഹാരത്തിന് സഹായകമാകില്ലെന്നുമാണ് നിലവിൽ കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.

എല്ലാ കക്ഷികളെയും ഉൾപ്പെടുത്തി ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പ് നടത്തുകയാണ് പ്രശ്നപരിഹാരത്തിനുള്ള ഏക പോംവഴിയെന്നാണ് ഇന്ത്യയുടെ നിലപാട്. ബംഗ്ലാദേശിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടാൽ തിരികെ പോകാൻ തയ്യാറാണെന്ന് ഷെയ്ഖ് ഹസീന ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. ഷെയ്ഖ് ഹസീനയ്ക്കൊപ്പം മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാലും നിലവിൽ ഇന്ത്യയിലുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply