53 ദിവസത്തെ തിരച്ചിൽ; ഒടുവിൽ കാളികാവിലെ നരഭോജി കടുവ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി

മലപ്പുറം കാളികാവിൽ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. കരുവാരക്കുണ്ട് പാന്ത്രയിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്. ഒന്നരമാസത്തോളമായി കടുവക്കായുള്ള തിരച്ചിൽ തുടരുകയായിരുന്നു. മെയ് 15 നായിരുന്നു ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെ വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ കടുവയെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. അതേസമയം, ഇപ്പോള്‍ കൂട്ടിലായത് ഗഫൂറിനെ കൊന്ന കടുവ തന്നെയാണോ എന്ന കാര്യത്തിലും സ്ഥിരീകരണം വരാനുണ്ട്. നേരത്തെ കടുവക്കായി സ്ഥാപിച്ച കൂട്ടില്‍ ഒരു പുലി കുടുങ്ങിയിരുന്നു.

അതേസമയം, റേഡിയോ കോളര്‍ ഘടിപ്പിക്കാതെ കടുവയെ തുറന്ന് വിടാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാട്ടിലേക്ക് തുറന്നു വിട്ടാൽ ഇനിയും ആളുകളെ ഉപദ്രവിക്കുമെന്നതുൾപ്പെടെ ആശങ്കളാണ് നാട്ടുകാർ പങ്കുവക്കുന്നത്. എന്നാൽ കാളികാവിൽ പിടിയിലായ നരഭോജി കടുവയെ ഉടൻ കാട്ടിലേക്ക് വിടില്ലെന്നും വനം വകുപ്പ് സംരക്ഷണയിൽ സൂക്ഷിക്കുമെന്നും വിദഗ്ധാഭിപ്രായത്തിനുശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

കേന്ദ്ര വന്യജീവി സംരക്ഷണ നിയമ ഭേദഗതി സംസ്ഥാനം തയ്യാറാക്കിയ കരട് പരിശോധനയ്ക്കായി അയച്ചു. അതിന്റെ മറുപടി എജിയിൽ നിന്നും ലഭിച്ചു. മറുപടി പരിശോധിച്ച് തുടർ നീക്കം. ഇപ്പോഴത്തെ പരിമിതിയിൽ നിന്നുകൊണ്ട് സംസ്ഥാന സർക്കാരിന് ചെയ്യാൻ സാധിക്കുന്ന നിയമ നിർമാണത്തെ കുറിച്ചാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Leave a Reply