ഒരു ചെറിയ റോഡപകടത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ബെംഗളൂരുവിൽ ഒരാളെ കൊലപ്പെടുത്തി ദമ്പതികൾ. പ്രതികളായ മനോജ് കുമാറിനെയും ഭാര്യ ആരതി ശർമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 25 ന് രാത്രിയിലാണ് സംഭവം. സംഭവത്തിൽ മരണപ്പെട്ട ദർശൻ തന്റെ സുഹൃത്ത് വരുണിനൊപ്പം മോട്ടോർ സൈക്കിളിന് പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. പ്രതികൾ കാറിലാണ് യാത്ര ചെയ്തിരുന്നത്. കാറിന്റെ കണ്ണാടിയിൽ മോട്ടോർ സൈക്കിൾ ഉരസിയതുമായി ബന്ധപ്പെട്ട് ആരംഭിച്ച ചെറിയ തർക്കം പിന്നീട് വലിയ അപകടത്തിനാണ് വഴി വച്ചത്.
പ്രതികളായ ദമ്പതികൾ മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചിരുന്ന യാത്രകരെ 2 കിലോമീറ്ററോളം പിന്തുടർന്ന് മനപൂർവ്വം ഇടിച്ചിട്ടതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് പൊലീസ് പറയുന്നു. ഇടിയുടെ ആഘാതത്തിൽ ദർശനും വരുണും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. വരുൺ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിന് ശേഷം, ദമ്പതികൾ സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ പിന്നീട്, മുഖംമൂടി ധരിച്ച് കാറിന്റെ തകർന്ന ഭാഗങ്ങൾ എടുക്കാൻ മടങ്ങിയെത്തിയിരുന്നു. ആദ്യം ഒരു അപകട മരണമായി രജിസ്റ്റർ ചെയ്ത കേസ് പിന്നീട് റോഡിലെ സംഘർഷത്തെ തുടർന്ന് നടന്ന കൊലപാതകമാക്കി മാറ്റിയിരിക്കുകയായിരുന്നു. പ്രതികളായ മനോജ് കുമാറിനും ഭാര്യ ആരതി ശർമ്മക്കുമെതിരെ കൊലപാതകക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. കേസിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

