15,000 രൂപയില്‍ താഴെ വില, എഐ ഫോട്ടോഗ്രാഫി ടൂളുകള്‍; പുതിയ ബജറ്റ് ഫോണുമായി സാംസങ്

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങിന്റെ പുതിയ ബജറ്റ് ഫൈവ് ജി സ്മാര്‍ട്ട്‌ഫോണ്‍ ഒക്ടോബര്‍ പത്തിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഗാലക്സി എം17 എന്ന പേരിലുള്ള പുതിയ ഫോണ്‍ മുന്‍ പതിപ്പായ എം16നേക്കാള്‍ കൂടുതല്‍ ഫീച്ചറുകളോടെയായിരിക്കും അവതരിപ്പിക്കുക. 15000 രൂപയില്‍ താഴെയുള്ള സെഗ്മെന്റിലാണ് ഇത് ലോഞ്ച് ചെയ്യുക. AMOLED ഡിസ്പ്ലേയും ട്രിപ്പിള്‍ റിയര്‍ കാമറ സജ്ജീകരണവും ഈ ഫോണില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൂണ്‍ലൈറ്റ് സില്‍വര്‍, സഫയര്‍ ബ്ലാക്ക് എന്നി രണ്ട് നിറങ്ങളില്‍ ഇത് ലഭ്യമാകും. സ്മാര്‍ട്ട്ഫോണിന്റെ രൂപകല്‍പ്പനയും പ്രധാന സവിശേഷതകളും ഉപയോക്താക്കള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി ആമസോണിന്റെയും സാംസങ്ങിന്റെയും ഔദ്യോഗിക വെബ്സൈറ്റുകളില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. കോണിങ് ഗോറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണത്തോടുകൂടിയ 6.7 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്പ്ലേയാണ് ഫോണില്‍ ഉണ്ടാകുക. പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നും സംരക്ഷണം ലഭിക്കുന്നതിന് IP54 റേറ്റിങ്ങും ഫോണിന് ഉണ്ട്.

ഒപ്റ്റിക്സിന്റെ കാര്യത്തില്‍, ഫോണില്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (OIS) ഉള്ള 50MP ട്രിപ്പിള്‍ റിയര്‍ കാമറ സജ്ജീകരണവും 5MP അള്‍ട്രാ-വൈഡ് ലെന്‍സും 2MP മാക്രോ സെന്‍സറും ഉണ്ടായിരിക്കും. മുന്‍വശത്ത്, സെല്‍ഫികളും വീഡിയോ കോളുകളും കൈകാര്യം ചെയ്യുന്ന 13MP ഫ്രണ്ട് കാമറ ഉണ്ടായിരിക്കും. അഡ്വാന്‍സ്ഡ് സീന്‍ ഡിറ്റക്ഷന്‍, ഒപ്റ്റിമൈസേഷന്‍ എന്നിവയുള്‍പ്പെടെ എഐയില്‍ പ്രവര്‍ത്തിക്കുന്ന ഫോട്ടോഗ്രാഫി ടൂളുകളും സാംസങ് ചേര്‍ത്തിട്ടുണ്ട്.

7.5mm സ്ലിം പ്രൊഫൈല്‍ ആണ് ഫോണിന് ഉണ്ടാവുക. കൂടാതെ ഗൂഗിള്‍, ജെമിനി ലൈവ് എന്നിവയുമായി ചേര്‍ന്ന് സര്‍ക്കിള്‍ ടു സെര്‍ച്ച് ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട് എഐ ഫീച്ചറുകളും ഫോണ്‍ വാഗ്ദാനം ചെയ്യുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply