വാർത്തകൾ ചുരുക്കത്തിൽ
ഷാരോൺ കൊലക്കേസ് പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. വഞ്ചിയൂര്‍ മജിസ്ട്രേറ്റ് , ആശുപത്രിയിലെത്തി ഗ്രീഷ്മയുടെ മൊഴി രേഖപ്പെടുത്തി. റിമാന്‍ഡിനായി നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് മെഡിക്കല്‍ കോളേജിലെത്തും. ആത്മഹത്യക്ക് ശ്രമിച്ച ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്‍തികരമാണ്.
..............
ഗ്രീഷ്‌മ ഇന്ന് നടത്തിയത് ആത്മഹത്യാനാടകമാണെന്ന് സംശയിക്കുന്നതായി അന്വേഷണ സംഘം. ചോദ്യം ചെയ്യലിൽ നിന്നും രക്ഷപ്പെടാനുള്ള തന്ത്രമാണെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ വിലയിരുത്തൽ.
നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന ലൈസോള്‍ കുടിച്ചാണ് ഗ്രീഷ്മ ഇന്ന് രാവിലെ ആത്മഹത്യ ശ്രമം നടത്തിയത്. ഗ്രീഷ്മയുടെ ആരോഗ്യ നില തൃപ്തികരമാണ്. ഗ്രീഷ്മ അണുനാശിനി കുടിക്കാനിടയായ സംഭവത്തില്‍ , സുരക്ഷ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എസ് പി ഡി ശില്പ അറിയിച്ചു.
..................
കോഴിക്കോട് താമരശ്ശേരിയില്‍ സുഹൃത്തിന്‍റെ കൈഞരമ്പ് മുറിച്ച ശേഷം പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. താമരശേരി ബസ് സ്റ്റാന്‍ഡിലാണ് സംഭവം. പതിനഞ്ചുകാരിയാണ് സുഹൃത്തിന്‍റെ കൈഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചത്. ബസ് ജീവനക്കാരനായ യുവാവിനാണ് പരിക്കേറ്റത്. പെണ്‍കുട്ടിയെയും യുവാവിനെയും താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
...........
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഇന്ന് കോടതിയില്‍ ഹാജരായി. അധിക കുറ്റപത്രം വായിച്ച് കേള്‍ക്കുന്നതിനായി ദിലീപും കൂട്ടുപ്രതി ശരത്തും എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് ഹാജരായത്. ക്രൈംബ്രാഞ്ചിന്‍റെ തുടരന്വേഷഷണ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് ദിലീപും ശരത്തും നൽകിയ ഹർജികൾ എറണാകുളം ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
.................
അട്ടപ്പാടി മധു കൊലക്കേസില്‍ കൂറുമാറിയ സാക്ഷികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് , മണ്ണാർക്കാട് എസ്‍സി - എസ്‍ടി വിചാരണക്കോടതിയിൽ പ്രോസിക്യൂഷൻ ഹർജി നൽകി. എട്ട് പേർക്കെതിരെ നടപടി വേണമെന്നാണ് ഹർജിയിലെ ആവശ്യം. മുമ്പ് കൂറുമാറിയ പതിനെട്ടാം സാക്ഷി കാളി മൂപ്പൻ, പത്തൊമ്പതാം സാക്ഷി കക്കി എന്നിവരെ ദിവസങ്ങള്‍ക്ക് മുന്‍പ് പുനർ വിസ്തരിച്ചപ്പോള്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയിരുന്നു.
..............
സർക്കാർ - ഗവർണ്ണർ പോര് ജനങ്ങൾ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗവർണ്ണറുടെ വിമർശനം കേട്ടപാടേ രാജ്ഭവിനിലെ ഓഫീസ് നന്നാക്കാന്‍ 75 ലക്ഷം രൂപ ധനമന്ത്രി അനുവദിച്ചു നൽകി. നേരത്തേ സംഘപരിവാറിന്‍റെ സംസ്ഥാന നേതാവിനെ ഗവർണ്ണറുടെ പി എ ആയി നിയമിച്ചു. ഇതെല്ലാം ഒത്തുകളിയല്ലെയെന്നും ചെന്നിത്തല ചോദിച്ചു.
...................
സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. നവംബർ 3 മുതൽ പ്രക്ഷോഭം തുടങ്ങിമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സെക്രട്ടേറിയേറ്റ് വളയൽ അടക്കമുള്ള സമര പരിപാടികൾക്കാണ് തയാറെടുക്കുന്നത്. സര്‍ക്കാരിന്‍റെ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടി ഒരു മാസം നീണ്ടു നില്‍ക്കുന്ന സമര പരിപാടികള്‍ക്കാണ് തുടക്കമാകുന്നത്. ഡിസംബർ രണ്ടാം വാരത്തിലാണ് സെക്രട്ടേറിയേറ്റ് വളഞ്ഞുള്ള സമരം.
................
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പൊളിറ്റ് ബ്യൂറോയിൽ ഉള്‍പ്പെടുത്തി. കോടിയേരി ബാലകൃഷ്ണന്‍റെ ഒഴിവിലേക്കാണ് എം വി ഗോവിന്ദന്‍ എത്തുന്നത്. ഡൽഹിയിൽ ചേർന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് എം വി ഗോവിന്ദനെ പിബിയിലേക്ക് നിർദേശിച്ചത്. കേന്ദ്ര കമ്മിറ്റി ഐകണ്ഠേന ഈ നിര്‍ദ്ദേശം അംഗീകരിച്ചു. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തത്തിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.
.................
ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് പവാറിനെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
............
ബലാത്സംഗത്തിന് ഇരയായവരില്‍, ഇരട്ട വിരൽ പരിശോധന നടത്തരുതെന്ന് സുപ്രിം കോടതിയുടെ സുപ്രധാന ഉത്തരവ്. ഇത്തരം പരിശോധന നടത്തുന്നവർക്കെതിരെ കേസ് എടുക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ശാസ്ത്രീയ അടിത്തറ ഇല്ലാത്ത പ്രാകൃതമായ പരിശോധനാ രീതിയാണിത്. ഒരു ബലാത്സംഗ കേസിൽ വിധി പറയുന്നതിനിടെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. പ്രാകൃതമായ ഈ പരിശോധനയക്കെതിരെ 1500ലധികം ഹര്‍ജ്ജികളാണ് കോടതിയുടെ മുന്നലുള്ളത്. ഐക്യരാഷ്ട്രസഭയും ഈ പരിശോധന അംഗീകരിക്കുന്നില്ല.
...................
ഗുജറാത്തിലെ മോർബിയിൽ തൂക്ക് പാലം തകർന്നുണ്ടായ ദുരന്തത്തിൽ മരണസംഖ്യ 142 ആയി. പുഴയിൽ വീണ നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. അപകട സമയത്ത് 500ഓളം പേര്‍ പാലത്തിലുണ്ടായിരു എന്നാണ് വിവരം. അറ്റകുറ്റപ്പണിക്ക് ശേഷം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെയാണ് പാലം തുറന്നുകൊടുത്തതെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. നിർമ്മാണ പ്രവർത്തികൾ നടത്തിയ കമ്പനിക്കെതിരെ പോലീസ് കേസെടുത്തു.