വാർത്തകൾ ചുരുക്കത്തിൽ
നിയന്ത്രണങ്ങൾ നീക്കിയതോടെ ചൈനയിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നതായി റിപ്പോർട്ടുകൾ. രോഗികളായവരെക്കൊണ്ട് രാജ്യത്തെ ആശുപത്രികളും മരിച്ചവരെ കൊണ്ട് ശ്മശാനങ്ങളും നിറയുന്നുവെന്ന് ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ പുറത്തു വിട്ടുകൊണ്ട് പ്രമുഖ എപ്പിഡെമിയോളജിസ്റ്റായ എറിക് ഫെയ്ഗ് ഡിങ് പറയുന്നു.
...............................
രാജ്യത്തിന്റെ അൻപതാമത് ചീഫ് ജസ്റ്റിസ് ആയി ഡിവൈ ചന്ദ്രചൂഡ് സ്ഥാനമേറ്റ ശേഷം സുപ്രീം കോടതി ഇതുവരെ തീർപ്പാക്കിയത് 6844 കേസുകൾ. ജഡ്ജിമാരുടെ നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരുമായി ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ്, കേസുകൾ തീർപ്പാക്കുന്നതിൽ സുപ്രീം കോടതി നേട്ടം കൈവരിച്ചത്.
................................
വൈദ്യുതി തൂണുകളിൽ പരസ്യം പതിക്കുകയോ, എഴുതുകയോ ചെയ്താൽ ക്രിമിനൽ കേസ് ഉറപ്പ്. ഇത്തരത്തിൽ പോസ്റ്റുകളിൽ പരസ്യം പതിക്കുന്നവർക്കെതിരേ നിയമനടപടിയുമായി കെ.എസ്.ഇ.ബി. രംഗത്തിറങ്ങി.
..................................
സംസ്ഥാന ഭക്ഷ്യ സുരക്ഷാ സൂചികയിൽ കേരളം ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 18 വലിയ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്നു കേരളം.
..............................
കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഡൽഹി ആർഎംഎൽ ആശുപത്രിയിൽ കൂട്ടപ്പിരിച്ചുവിടൽ. പതിമൂന്ന് വർഷമായി ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി നോക്കിയിരുന്ന മലയാളികൾ അടക്കമുള്ള നാൽപത്തിമൂന്ന് പേരെയാണ് പിരിച്ചുവിട്ടത്.
...............................
പരീക്ഷ ജയിക്കാത്തവർ ബിരുദം നേടിയെന്ന ആരോപണത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഉത്തരവിട്ടു. തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിൽ കഴിഞ്ഞ ദിവസം നടന്ന ബിഎഎംഎസ് ബിരുദ ദാന ചടങ്ങുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
.................................
ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് സമയത്തടക്കം രാഷ്ട്രീയ പരസ്യങ്ങൾ ഡൽഹി സർക്കാരിൻറെ ചിലവിൽ പ്രസിദ്ദീകരിച്ചതിന് ആംആദ്മി പാർട്ടിയിൽ നിന്നും 97 കോടി രൂപ തിരിച്ച് പിടിക്കാൻ നിർദേശം നൽകി ഗവർണർ. ഡൽഹി ലഫ്. ഗവർണർ വിനയ് കുമാർ സക്‌സേനയാണ് ചീഫ് സെക്രട്ടറിയോട് നടപടിയെടുക്കാൻ നിർദേശം നൽകിയത്.
..................................
ലോകകപ്പ് ഫൈനൽ ദിനമായ ഞായറാഴ്ച ബെവ്‌കോ വിറ്റത് 50 കോടിയുടെ മദ്യം. സാധാരണ ഞായറാഴ്ചകളിലെ മദ്യവിൽപ്പന ശരാശരി 30 കോടിയാണ്.
.................................
ട്വിറ്റർ മേധാവി സ്ഥാനത്ത് തുടരണോയെന്ന് അറിയാൻ അഭിപ്രായ സർവെ നടത്തിയ ഇലോൺ മസ്‌കിന് തിരിച്ചടി. ഒരുകോടി എഴുപത്തഞ്ച് ലക്ഷം പേർ പങ്കെടുത്ത വോട്ടെടുപ്പിൽ 57.75ശതമാനം പേർ ഇലോൺ മസ്‌ക് ട്വിറ്റർ മേധാവിയായി തുടരുന്നതിൽ താത്പര്യമില്ലെന്ന് വോട്ട് ചെയ്തു.
..................................
.നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂഴിക്കാട് സ്വദേശിനിയായ നിഷ ആണ് മരിച്ചത്. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം.