ബിസിനസ് വാർത്തകൾ ചുരുക്കത്തിൽ
യുഎസ് ഡോളറിനെതിരെ നാല് വർഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റദിന നേട്ടവുമായി ഇന്ത്യൻ രൂപ. യു എസ് ഡോളറിനെതിരെ 81.80 എന്ന നിരക്കിൽ നിന്ന് രണ്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 80.80ലേക്ക് രൂപ ഇന്ന് ആദ്യ വ്യാപാരത്തിൽ ഉയർന്നു. 2018 ഡിസംബറിന് ശേഷം രൂപയുടെ ഏറ്റവും വലിയ തുടക്ക വ്യാപാരം കൂടിയാണ് ഇത്. 95 പൈസ ഉയര്‍ന്ന് 80.86 ലാണ് ഇന്ത്യന്‍ രൂപ ഇന്ന് ക്ലോസ് ചെയ്തത്. യു എസ് നാണയപ്പെരുപ്പ കണക്കുകൾ പ്രതീക്ഷിച്ചതിലും താഴേക്ക് എത്തിയതിനെ തുടർന്നാണ് ഡോളർ ഇടിഞ്ഞത്. നാണയ പെരുപ്പം കുറഞ്ഞതോടെ യു എസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുത്തനെ വർധിപ്പിക്കില്ലെന്ന പ്രതീക്ഷ ഉയർത്തിയിട്ടുണ്ട്.
................
യുഎസ് നാണയപ്പെരുപ്പ കണക്കുകൾ പുറത്തുവന്നതിന് ശേഷം ഇന്ത്യൻ ഓഹരി വിപണി മുന്നേറി. ശക്തമായ ആഗോള സൂചനയും ദുർബലമായ ഡോളറും ആഭ്യന്തര വിപണിയെ ഉയർത്തി. പ്രധാന സൂചികകളായ എൻഎസ്ഇ നിഫ്റ്റി 320 പോയിന്റുകൾ ഉയർന്ന് 18,350 ലെവലിന് മുകളിൽ വ്യാപാരം നടത്തി. 18,349 ൽ ആണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സെൻസെക്‌സ് 1180 പോയിന്റ് ഉയർന്ന് 61,800 പോയിന്റിൽ എത്തി. 61,795 ൽ ആണ് സെൻസെക്സ് വ്യാപാരം അവസാനിപ്പിച്ചത്.
.................
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതിന്റെ പേരിൽ അഞ്ച് പതഞ്ജലി മരുന്നുകളുടെ ഉത്പാദനം ഉത്തരാഖണ്ഡ് നിരോധിച്ചു. ഉത്തരാഖണ്ഡിലെ ആയുർവേദ യുനാനി ലൈസൻസിംഗ് അതോറിറ്റിയുടേതാണ് നടപടി. പതഞ്ജലിയുടെ പരസ്യങ്ങൾ നിയമ വിരുദ്ധമെന്ന് കാണിച്ച് മലയാളിയായ ഡോ. കെ വി ബാബു നേരത്തെ ആയുർവേദ യുനാനി ലൈസൻസിംഗ് അതോറിറ്റിക്ക് പരാതി നൽകിയിരുന്നു. രക്തസമ്മർദ്ദം, പ്രമേഹം, ഗ്ലൂക്കോമ, ഗോയ്റ്റർ, കൊളസ്ട്രോൾ എന്നീ രോഗങ്ങൾക്കുള്ള മധുഗ്രിറ്റ്, ഐഗ്രിറ്റ്, തൈറോഗ്രിറ്റ്, ബിപിഗ്രിറ്റ്, ലിപിഡോം എന്നി മരുന്നുകളാണ് നിരോധിച്ചത്.
...................
ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ ചെലവ് ചുരുക്കൽ നടപടി ആരംഭിച്ചതായി റിപ്പോർട്ട്. കമ്പനിയുടെ ലാഭകരമല്ലാത്ത ബിസിനസ്സ് യൂണിറ്റുകൾ, പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം അടച്ചുപൂട്ടാൻ സാധ്യതയുണ്ട്. ആമസോൺ ഇങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ആൻഡി ജാസിയാണ് സ്ഥാപനങ്ങളുടെ പ്രവർത്തങ്ങളുടെയും ലാഭ നഷ്ടങ്ങളുടെയും പരിശോധനയ്ക്ക് നേതൃത്വം നൽകുക.
....................
ഇന്ത്യയിലെ ഗോതമ്പ് വില കുതിച്ചുയരുന്നത് തടയാന്‍ നടപടികൾ ഉണ്ടാകുമെന്ന് സൂചന. ഇറക്കുമതി നികുതി 40 ശതമാനം വെട്ടി കുറയ്ക്കുക, കരുതൽ ശേഖരം വിപണിയിലേക്ക് എത്തിക്കുക തുടങ്ങിയ നടപടികൾ ഉണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
..................
സോഷ്യൽ മീഡിയ ഭീമനായ ട്വിറ്ററിന്റെ പെയ്ഡ് വേരിഫിക്കേഷൻ ഇന്ത്യയിൽ ആരംഭിച്ചു. പ്രതിമാസം എട്ട് ഡോളർ എന്ന നിരക്കിൽ ട്വിറ്ററിന്റെ വെരിഫൈഡ് അക്കൗണ്ട് ഉടമകൾ ബ്ലൂ ടിക്കിന് പണം നൽകണമെന്ന് ട്വിറ്ററിന്റെ പുതിയ ഉടമ ഇലോൺ മസ്‌ക് പറഞ്ഞിരുന്നു. എട്ട് ഡോളറിന് തുല്യമായ തുകയാണ് മറ്റ് രാജ്യങ്ങളിൽ നൽകേണ്ടതെങ്കില്‍ ഇന്ത്യയിൽ 719 രൂപ നൽകണം. ഏകദേശം 8.9 ഡോളര്‍.
......................
മുന്‍നിര സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ സ്നാപ് ചാറ്റ് ഇന്ത്യക്കാരെ ലക്ഷ്യമിട്ട് നിരവധി പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. സ്വതന്ത്ര മ്യൂസിക് വിതരണ പ്ലാറ്റ്‌ഫോമായ ഡിസ്‌ട്രോകിഡുമായി സഹകരിച്ചാണ് സ്നാപ് ചാറ്റിന്റെ സൗണ്ട്‌സ് ക്രിയേറ്റർ ഫണ്ട് പ്രവർത്തിക്കുക. ഇതിന്റെ ഭാഗമായി കാലാകാരൻമാർക്ക് 50,000 ഡോളർ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
......................
രാജ്യത്തെ മുൻനിര ഇകൊമേഴ്സ് കമ്പനിയായ ആമസോണിൽ പുതിയ 5ജി സ്മാർട് ഫോണുകൾക്ക് വൻ ഓഫർ. വൺപ്ലസ്, സാംസങ് തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട് ഫോണുകളും ഇതിൽ ഉൾപ്പെടുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ 5ജി സേവനങ്ങൾ തുടങ്ങിയതിനാൽ ഇപ്പോൾ 5ജി ഫോണുകൾ ആവശ്യമാണ്. ആമസോണിൽ 46 ശതമാനം വരെ കിഴിവിൽ പുതിയ ഫോണുകൾ ഇപ്പോൾ ലഭ്യമാണ്.