സ്വർണപ്പാളി മോഷണം അന്വേഷിക്കണമെന്ന കോടതി ഉത്തരവ് സർക്കാരിന് കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ്

ശബരിമലയിലെ സ്വർണപ്പാളി മോഷണം അന്വേഷിക്കണമെന്ന കോടതി ഉത്തരവ് സർക്കാരിന് കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ്. ഉണ്ണികൃഷ്ണൻ പോറ്റിയെ പിടികൂടിയാൽ പല സിപിഎം നേതാക്കളും അകത്താകുമെന്നും നടപടിക്രമങ്ങൾ എല്ലാം കാറ്റിൽ പറത്തിയാണ് എ. പത്മകുമാറിന്റെ മകനെ യോഗദണ്ഡിന്റെ അറ്റകുറ്റപണിക്കായി ചുമതലപ്പെടുത്തിയതെന്നും വി.ഡി സതീശൻ പറഞ്ഞു.

ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം പൂശലുമായി ബന്ധപ്പെട്ട് തിരിമറി നടന്നിട്ടുണ്ടെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.‌ വിഷയത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ ഹൈക്കോടതി പ്രത്യേക സംഘത്തിന് നിർദേശം നൽകി. ദ്വാരപാലക ശിൽപ്പങ്ങളിലെ ചെമ്പുപാളികൾക്ക് പുറമെ, ലിന്റൽ, വശങ്ങളിലെ ഫ്രെയിമുകൾ എന്നിവയിൽ സ്വർണം പൂശിയത്തിലും ക്രമക്കേടുണ്ടോ എന്നും എസ്ഐടിക്ക് പരിശോധിക്കണം.

ദേവസ്വം ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ അന്തിമ റിപ്പോർട്ട് ഹൈക്കോടതിയിൽ നൽകി. ഗുരുതര ക്രമക്കേടുകൾ നടന്നതായി റിപ്പോർട്ടിലുണ്ട്. സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറണമെന്ന് ദേവസ്വം കമ്മീഷണർ നിർദേശം നൽകിയതിൽ കോടതി സംശയം പ്രകടിപ്പിച്ചു. ഇവ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകണമെന്ന് ദേവസ്വം കമ്മീഷണർ നിലപാടെടുത്തു. ഇത്തരം നീക്കങ്ങൾ സംശയകരമാണെന്നും, ക്രമക്കേട് നടന്നിട്ടുണ്ടെന്നും കോടതി പറയുന്നു. സ്വർണ്ണം ഉൾപ്പെടുന്ന ശില്പ പാളി ചെമ്പ് പാളിയെന്ന് എക്സിക്യൂട്ടീവ് ഓഫീസർ രേഖപ്പെടുത്തിയതിലും ദുരൂഹത ഉണ്ട്. ശബരിമല ശ്രീകോവിലിന്റെ വാതിൽ പാളിയുടെ സ്വർണ്ണനിറം മങ്ങിയതിലും കോടതി സംശയം പ്രകടിപ്പിച്ചു.

മുഴുവൻ ഇടപാടുകളിലെയും സമഗ്രവശങ്ങൾ കേസെടുത്തു അന്വേഷിക്കാനും കോടതി പ്രത്യേക അന്വേഷണ സംഘത്തിന് നിർദേശം നൽകി. ആറാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കണം. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണം. കോടതിയിൽ ഹാജരായ എസ്. ശശിധരൻ ഐപിഎസ്, കൂടുതൽ ഉദ്യോഗസ്ഥരെ വേണമെന്ന് കോടതിയെ അറിയിച്ചു. സംസ്ഥാന പോലീസ് മേധാവിയെ കേസിൽ കക്ഷിയാക്കിയ കോടതി ഇക്കാര്യം പരിഗണിക്കാനും നിർദേശിച്ചു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply