ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്തിന്‍റെ വീട്ടിലേക്ക് ഹിന്ദു ഐക്യവേദി മാർച്ച്. മാര്‍ച്ച് തടയാന്‍ പൊലീസ് ശ്രമിച്ചു. പിന്നാലെ ശരണം വിളിച്ച് പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ പിഎസ് പ്രശാന്തിന്റെ കോലം കത്തിച്ചു. ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ കൂടുതൽ നടപടിയുണ്ടാകുമന്നും അന്തിമ റിപ്പോര്‍ട്ട് കിട്ടിയശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും പിഎസ് പ്രശാന്ത് പ്രതികരിച്ചിട്ടുണ്ട്. ഇപ്പോള്‍ 2019ലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ സസ്പെന്‍ഡ് ചെയ്തു. സ്‍മാർട്ട് ക്രിയേഷൻസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിലുള്ള ദ്വാരപാലക ശിൽപങ്ങളുടെ വാറണ്ടി റദ്ദാക്കും. വിജിലന്‍സിന്‍റെ അന്തിമ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പിഎസ് പ്രശാന്ത് പറഞ്ഞു. അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്തബന്ധമുണ്ടെന്ന വാര്‍ത്തയിൽ പ്രതികരണവുമായി സിപിഎം നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായ അജികുമാര്‍ രംഗത്തെത്തി.
പിഎസ് പ്രശാന്തിന്‍റെ പ്രതികരണത്തിനുശേഷമാണ് അജികുമാര്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയത്. ക്ഷേത്രത്തിലെ ഉപദേശക സമിതി അംഗം ബിനുവാണ് ബെംഗളൂരുവിലുള്ളവരെ പരിചയപ്പെടുത്തിയതെന്നും നിരാലംബരായ രണ്ടുപേര്‍ക്ക് വീട് കിട്ടിയപ്പോള്‍ സന്തോഷിച്ചുവെന്നും എന്നാൽ, അതെല്ലാം ഇങ്ങനെയാകുമെന്ന് കരുതിയില്ലെന്നും എല്ലാവരുടെയും പൊലീസ് സര്‍ട്ടിഫിക്കറ്റ് വാങ്ങി സംസാരിക്കാൻ പറ്റുമോയെന്നും അജികുമാര്‍ ചോദിച്ചു. താൻ ആരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. ഉണ്ണികൃഷ്ണൻ പോറ്റിയെ താനല്ല യോഗത്തിലേക്ക് ക്ഷണിച്ചതെന്നും എംഎൽഎയും ഡിവൈഎസ്‍പിയുമൊക്കെ യോഗത്തിൽ പങ്കെടുത്തുവെന്നും പാര്‍ട്ടി ഒരു വിശദീകരണവും തേടിയിട്ടില്ലെന്നും അജികുമാര്‍ പറഞ്ഞു.
ശബരിമലയിലെ വിവാദ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗവും സിപിഐ നേതാവുമായ എ അജികുമാറിന് അടുത്ത ബന്ധമെന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. അജികുമാറിന്‍റെ കുടുംബക്ഷേത്രത്തിന്റെ പേരിൽ ഉണ്ണികൃഷ്ണൻ പോറ്റി രണ്ട് പേർക്ക് വീട് നിർമിച്ചു നൽകിയെന്ന വിവരമാണ് പുറത്തുവന്നിരുന്നത്. കായംകുളം അറയ്ക്കൽ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ സ്പോൺസർ ആയി അജികുമാർ എത്തിച്ചത്. ബെംഗളൂരു സ്വദേശികളായ മൂന്ന് അയ്യപ്പ ഭക്തർ നിർമിച്ചു നൽകുന്ന വീട് എന്നാണ് നോട്ടീസിൽ പറഞ്ഞത്. രണ്ട് പേർ രാഘവേന്ദ്ര, രമേശ് എന്നിവരായിരുന്നു മൂന്നാമൻ ഉണ്ണികൃഷ്ണൻ പോറ്റിയും. അറയ്ക്കൽ അന്നപൂർണ്ണേശ്വരി ക്ഷേത്ര പരിസരത്ത് വെച്ച് മെയ് 25 നാണ് താക്കോൽ ദാന ചടങ്ങ് നടന്നത്. അജികുമാറാണ് ഭവന പദ്ധതിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയെ എത്തിച്ചത്. ചടങ്ങിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പൊന്നാട അണിയിച്ച് ആദരിച്ചിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും അജികുമാർ ആണ് പോറ്റിയെ എത്തിച്ചതെന്നും വീടിന് അർഹമായവരെ കണ്ടെത്തുക മാത്രമാണ് ഞങ്ങൾ ചെയ്തതെന്നും അറയ്ക്കൽ അന്നപൂർണ്ണേശ്വരി ക്ഷേത്ര ഭാരവാഹികൾ പ്രതികരിച്ചു. കായംകുളത്തെ സിപിഐ നേതാവ് കൂടിയായ അജികുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദന പരാതി ഉയർന്നിരുന്നു. തുടർന്ന് സിപിഐ ജില്ലാ കമ്മിറ്റിയിൽ നിന്ന് തരം താഴ്ത്തിയിരുന്നു. അത്തരത്തിൽ പാർട്ടി നടപടി നേരിട്ടയാൾ കൂടിയാണ് തിരു. ദേവസ്വം ബോർഡ് അംഗം അജികുമാർ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

