ശബരിമലയില്‍ നടന്നത് വലിയ കൊള്ളയെന്ന് സന്നിധാനത്തെ പഞ്ചലോഹ വിഗ്രഹം നിര്‍മ്മിച്ചു നല്‍കിയ തട്ടാവിള കുടുംബത്തിലെ അംഗമായ ശില്‍പി മഹേഷ് പണിക്കര്‍. നമ്മള്‍ ചിന്തിക്കുന്നതിനും അപ്പുറത്താണ് ഇതിന്റെ വില്‍പ്പന നടന്നിട്ടുണ്ടാകുക. ഇത് ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല. ഇതു വലിയ കോക്കസാണ്. വലിയ ഐസ് ബര്‍ഗിന്റെ മുകളിലെ ഒരറ്റം മാത്രമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. അന്വേഷണം ശരിയായ രീതിയില്‍ നീണ്ടാല്‍ സിനിമാക്കാരിലേക്കും വലിയ വ്യവസായികളിലേക്കും വരെ നീണ്ടേക്കാമെന്നും മഹേഷ് പണിക്കര്‍ പറഞ്ഞു.
സ്വര്‍ണപ്പാളി ഉരുക്കാനല്ല, അതു മൊത്തത്തില്‍ മാറ്റാനാണ് സാധ്യത. സ്വര്‍ണം ഉരുക്കിയെന്ന് ആരോപിക്കുന്നത് പണത്തിനു വേണ്ടിയാണല്ലോ ?. ഒരു കിലോ സ്വര്‍ണത്തിന് 80 ലക്ഷം രൂപയേ വില വരികയുള്ളൂ. എന്നാല്‍ സ്വര്‍ണം ചെമ്പു പാളിയില്‍ ഉണ്ടെങ്കില്‍, അതേപടി കൊടുത്താന്‍ 100 കോടിയോ, 50 കോടിയോ വരെ കൊടുക്കാന്‍ ആളുകളുണ്ട്. പ്രത്യേകിച്ചും വിശ്വാസവുമായി ബന്ധപ്പെട്ട കാര്യത്തില്‍. സിനിമാമേഖലയില്‍ വരെ അതിനുള്ള ആളുകളുണ്ട്.
സിനിമയിലെ വലിയ പ്രൊഡക്ഷന്‍ ഹൗസുകള്‍ക്ക്, ഇത്തരം കാര്യങ്ങള്‍ വിശ്വാസപരമായ ഘടകങ്ങള്‍ കൂടി അടങ്ങിയതാണ്. ഇതിന്റെ ഡിവൈന്‍ വാല്യു വളരെ കൂടുതലാണ്. സ്വര്‍ണം അതേപടി മാറ്റിയിട്ട് ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കിയിട്ട് മാറ്റിവെച്ചാല്‍ മതിയല്ലോ. ചെമ്പുപാളിക്ക് മുകളില്‍ നിക്കല്‍ കോട്ടിങ്ങ് നല്‍കിയിട്ട് അതിനു മുകളിലാണ് സ്വര്‍ണം പൂശുന്നത്. അങ്ങനെ നോക്കുമ്പോള്‍ പൂശിയ സ്വര്‍ണം ഇനിയും കുറവായിരിക്കാനാണ് സാധ്യതയെന്ന് മഹേഷ് പണിക്കര്‍ പറഞ്ഞു.
പൗരാണിക പാരമ്പര്യമുള്ള വളരെ പഴക്കം ചെന്ന ക്ഷേത്രമാണ് ശബരിമല. ഇതിനാല്‍ തന്നെ ഇവിടത്തെ ഡിവൈന്‍ വാല്യു വളരെ വലുതാണ്. സ്വര്‍ണം ഇരിക്കുന്ന ചെമ്പുപാളിയുടെ ആയിരത്തിലൊന്നു മാത്രമേ സ്വര്‍ണം മാത്രം കൊടുത്താല്‍ കിട്ടുകയുള്ളൂ. ഉരുക്കാന്‍ മെനക്കെടുന്നത് എന്തിനാണ്?. ഇതിന്റെ അച്ചെടുത്ത് അതില്‍ സ്വര്‍ണം പൂശി തിരിച്ചു വെക്കുക. മാറ്റിയത് ആവശ്യക്കാര്‍ക്ക് വില്‍ക്കുകയും ചെയ്യുക. വിശ്വാസത്തട്ടിപ്പാണ് നടന്നിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം സമഗ്രമായി അന്വേഷിക്കണമെന്നും മഹേഷ് പണിക്കര്‍ ആവശ്യപ്പെട്ടു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

