സ്വര്‍ണപ്പണയം സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി റിസര്‍വ് ബാങ്ക്

സ്വര്‍ണപ്പണയം സംബന്ധിച്ച് റിസര്‍വ് ബാങ്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. വായ്പാ കാലാവധിയിലും വായ്പയായി ലഭിക്കുന്ന തുകയുടെ പരിധിയിലും മാറ്റംവരുന്ന തരത്തിലാണ് നിര്‍ദേശങ്ങള്‍. ചെറുവായ്പകള്‍ക്ക് സ്വര്‍ണത്തിന്റെ മൂല്യമനുസരിച്ച് കൂടുതല്‍ തുക വായ്പയായി ലഭിക്കുന്നതാണ് പുതിയ രീതി. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വാണിജ്യ ബാങ്കുകള്‍ക്കും ഭവന വായ്പാ സ്ഥാപനങ്ങളുള്‍പ്പെടെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും ബാധകമായിരിക്കും. 2026 ഏപ്രില്‍ മുതലാണ് പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. വായ്പകള്‍ക്ക് ഈടായി ഒരു കിലോ വരെയുള്ള സ്വര്‍ണാഭരണങ്ങളില്‍ ബാങ്കുകള്‍ക്ക് സ്വീകരിക്കാം. സ്വര്‍ണനാണയങ്ങളാണെങ്കില്‍ പരമാവധി 50 ഗ്രാം വരെയും. ഏതുതരം നാണയങ്ങളാണെന്ന് പുതിയ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടില്ല. നേരത്തേ ബാങ്കുകള്‍ വഴി വില്‍ക്കുന്ന സ്വര്‍ണ നാണയങ്ങളില്‍ മാത്രമാണ് വായ്പ അനുവദിച്ചിരുന്നത്.

2.5 ലക്ഷം രൂപയില്‍ താഴെയുള്ള വായ്പകളില്‍ സ്വര്‍ണത്തിന്റെ വിപണിവിലയുടെ 85 ശതമാനം വരെ വായ്പയായി നല്‍കാം. നേരത്തെയിത് 75 ശതമാനമായിരുന്നു. 2.5 ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്കിത് 80 ശത മാനമാണ്. അഞ്ചു ലക്ഷത്തിനുമുകളില്‍ 75 ശതമാനവും. വായ്പ കാലയളവില്‍ ഈ മൂല്യം നിലനിര്‍ത്തണം. അതുകൊണ്ടുതന്നെ തുടക്കത്തില്‍ 85 ശതമാനം തുക വായ്പയായി എടുത്താല്‍ മാസം തോറും പലിശ അടയ്‌ക്കേണ്ടിവരും. പലിശ മാസംതോറും അടയ്ക്കുന്നില്ലെങ്കില്‍ തുടക്കത്തില്‍ ലഭിക്കുന്ന തുക കുറവായിരിക്കും. പലിശയും മുതലും ഒരുമിച്ചടയ്ക്കുന്ന ബുള്ളറ്റ് റീപേമെന്റ്’ വായ്പകള്‍ക്ക് കാലാവധി ഒരു വര്‍ഷമാക്കിയതാണ് മറ്റൊരു മാറ്റം. നേരത്തെ11 മാസമായിരുന്നു ഇതിന്റെ കാലാവധി. ഇത്തരം വായ്പകള്‍ കാലാവധിയെത്തുമ്പോള്‍. പലിശ മാത്രം അടച്ച് പുതുക്കാം. ഇത്തരത്തില്‍ പുതുക്കുന്ന വായ്പകളുടെ വിവരം കോര്‍ ബാങ്കിങ് സംവിധാനത്തില്‍ കൃത്യമായി രേഖപ്പെടുത്തണം. പുതിയ നിര്‍ദേശമനുസരിച്ച് ഒരുലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണം പണയപ്പെടുത്തുമ്പോള്‍പരമാവധി 85,000 രൂപ വരെ വായ്പയായി ലഭിക്കും.

Leave a Reply