സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ ആരോപണമുയർത്തി ബിജെപി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ. മുഖ്യപ്രതി ഹരിദാസൻ ജില്ലാ സെക്രട്ടറിയുടെ സന്തത സഹചാരിയാണെന്ന് പ്രശാന്ത് ശിവൻ പറഞ്ഞു. ജില്ലാ സെക്രട്ടറിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കൊണ്ടായിരുന്നു ജില്ലാ പ്രസിഡൻ്റിൻ്റെ ആരോപണം. സ്പിരിറ്റ് മാഫിയക്ക് ചെമ്പടയുടെ കാവൽ എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങിയത്. പാലക്കാട് ചിറ്റൂർ കമ്പാലത്തറയിലാണ് 1260 ലിറ്റർ സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി ഹരിദാസ് പ്രതിയായത്.
സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിന്റെ സന്തതസഹചാരിയാണ് ഇയാളെന്ന് പ്രശാന്ത് ശിവൻ പറഞ്ഞു. സ്പിരിറ്റ് പിടികൂടിയതിന് പിന്നാലെ വിഷയം പുറംലോകം അറിയാതിരിക്കാൻ സുരേഷ്ബാബു പല കളികളും കളിച്ചെങ്കിലും മാധ്യമങ്ങൾ ഉൾപ്പെടെ ഇടപെട്ടതോടെ എല്ലാം പുറത്ത് എത്തുകയായിരുന്നു. ഹരിദാസ് ഒരു ചെറിയ മീനാണ്. ഇതിന് പിന്നിൽ സിപിഎമ്മിലെ പല ഉന്നതരും ഉണ്ട്. മാത്രമല്ല ഇത് ആദ്യമായല്ല ചിറ്റൂരിൽ സിപിഎം നേതാവിന്റെ പക്കൽ നിന്നും സ്പിരിറ്റ് പിടികൂടുന്നത്. അത്തിമണി അനിൽ എന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയിൽ നിന്നും വൻ സ്പിരിറ്റ് ശേഖരം പിടികൂടിയതും ശേഷം അനിൽ ജയിലിൽ ആവുകയും ജയിൽ മോചിതനായ അനിലിന് സിപിഎമ്മുകാർ സ്വീകരണം നൽകിയതും ഒക്കെ ഏതാനും വർഷങ്ങൾക്കു മുൻപ് സംഭവിച്ചതാണ്. സംസ്ഥാനം മുഴുവൻ കള്ള് എത്തുന്നത് ചിറ്റൂരിൽ നിന്നാണ്. ആ ചിറ്റൂരിൽ കള്ളിൽ കഫ്സിറപ്പിൻ്റെ സാന്നിധ്യം കണ്ടെത്തിയത് തന്നെ ഏറെ ഞെട്ടൽ ഉണ്ടാക്കിയ കാര്യമാണ്. എന്നാൽ ഇപ്പോൾ വന്‍ സ്പിരിറ്റ് ശേഖരം കൂടി പിടികൂടിയിരിക്കുന്ന സാഹചര്യത്തിൽ ഈ സ്പിരിറ്റ് കള്ളിൽ കലർത്താൻ എത്തിച്ചതാണോ ??? ഇതിൽ സിപിഎം ഉന്നത നേതാക്കളിൽ എത്രപേർക്ക് പങ്കുണ്ട് ? സിപിഎം നേതൃത്വം മറുപടി പറഞ്ഞേ തീരൂ എന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
സിപിഎം ലോക്കൽ സെക്രട്ടറിയെ പാർട്ടിയില്‍ നിന്നും പുറത്താക്കി സിപിഎം
പാലക്കാട്ടെ ചിറ്റൂരിലെ സ്പിരിറ്റ് വേട്ടയിൽ മുഖ്യപ്രതിയായ സിപിഎം ലോക്കൽ സെക്രട്ടറിയെ പാർട്ടിയില്‍ നിന്നും പുറത്താക്കി. പാലക്കാട് സിപിഎം പെരുമാട്ടിലോക്കൽ സെക്രട്ടറിയായ ഹരിദാസനെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനും, പാർട്ടിക്ക് അവമതിപ്പ് ഉണ്ടാകുന്നവിധം പ്രവർത്തിച്ചതിനുമാണെന്ന് ചിറ്റൂർ ഏരിയ സെക്രട്ടറി പ്രതികരിച്ചു. തിങ്കളാഴ്ച വൈകീട്ടായിരുന്നു ചിറ്റൂരിൽ 1260 ലിറ്റർ സ്പിരിറ്റ് കണ്ടെത്തിയത്. മീനാക്ഷിപുരം സർക്കാർ പതിയിൽ കണ്ണയ്യന്റെ വീട്ടിൽ വെച്ചാണ് സ്പിരിറ്റ് പിടികൂടിയത്. എൽസി സെക്രട്ടറി ഹരിദാസും, സഹായി ഉദയനും ചേർന്നാണ് സ്പിരിറ്റെത്തിച്ചതെന്നാണ് കണ്ണയ്യന്റെ മൊഴി. സ്ഥിരമായി സ്പിരിറ്റ് എത്തിക്കാറുണ്ടെന്നും അറസ്സിലായ കണ്ണയ്യൻ പറഞ്ഞു. ഇതോടെയാണ് ഹരിദാസിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. ഹരിദാസന് സ്പിരിറ്റ് എത്തിച്ചുനൽകുന്ന തിരുവനന്തപുരം സ്വദേശികളായ മൂന്നുപേരെയും പ്രതിചേർത്തു. സംഭവത്തിന് പിന്നാലെ ഹരിദാസൻ ഒളിവിലാണെന്നും പ്രതികൾക്കായി അന്വേഷണം ഊർജിതമെന്നും മീനാക്ഷിപുരം പൊലീസ് പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

