സുപ്രീംകോടതി മുൻ ജ‍ഡ്ജി ബി.സുദർശൻ റെഡ്ഡി ഉപരാഷ്ട്രപതി സ്ഥാനാർഥി

സുപ്രീംകോടതി മുൻ ജഡ്ജി ബി.സുദർശൻ റെഡ്‌ഡി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയാകും. ഹൈദരാബാദ് സ്വദേശിയാണ് ബി.സുദർശൻ റെഡ്‌ഡി. എല്ലാ പാർട്ടികളും സ്ഥാനാർഥിത്വത്തെ അനുകൂലിച്ചു. വോട്ടവകാശ യാത്രയുമായി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും മുതിർന്ന നേതാക്കളും ബിഹാറിലായതിനാൽ കൂടിയാലോചനകൾക്കു വേണ്ടിയാണ് പ്രഖ്യാപനം ഇന്നത്തേക്കു മാറ്റിയത്. ഇന്ന് ഉച്ചയ്ക്ക് 12.30ന് മല്ലികാർജുൻ ഖർഗെയുടെ വീട്ടിലാണ് യോഗം ചേർന്നത്.

ഇതൊരു ആശയ പോരാട്ടമാണെന്നും, ഏറ്റവും യുക്തനായ ആളെയാണ് തിരഞ്ഞെടുത്തതെന്നും കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. പാവങ്ങൾക്കായി ശക്തമായി നിലപാടെടുത്ത, ഭരണഘടനയ്ക്കായി നിലകൊള്ളുന്ന ആളാണ് സുദർശൻ റെഡ്ഡി. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപിടിക്കാൻ ഇദ്ദേഹത്തെ പോലെയുള്ള ആളാണ് വേണ്ടത്. പ്രതിപക്ഷത്തുള്ള എല്ലാവരും ഒരുമിച്ച് തീരുമാനിച്ച സ്ഥാനാർഥിയാണിതെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതിക്കുവേണ്ടി നിരന്തരം നിലകൊള്ളുന്ന ധീരനായ പോരാളിയാണ് സുദർശൻ റെഡ്ഡിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. 21ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ആന്ധ്ര‌പ്രദേശ് ഹൈക്കോടതി ജഡ്ജിയും ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്നു.

മഹാരാഷ്ട്ര ഗവർണറും തമിഴ്നാട്ടിൽ നിന്നുള്ള ബിജെപി നേതാവുമായ സി.പി.രാധാകൃഷ്ണനാണ് എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി. 17ന് ചേർന്ന ബിജെപി പാർലമെന്ററി ബോർഡ് യോഗത്തിലാണു തീരുമാനമെടുത്തത്. ഇന്ന് നടക്കുന്ന എൻഡിഎ യോഗം തീരുമാനത്തിന് അംഗീകാരം നൽകും. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ്. ജൂലൈ 21 നാണ് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചത്. സെപ്റ്റംബർ 9 ന് രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ പാർലമെന്റ് ഹൗസിന്റെ ഒന്നാം നിലയിലാണ് വോട്ടെടുപ്പ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply