സുപ്രിംകോടതിയുടെ അൻപത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണൻ ഗവായ് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലികൊടുത്തു. ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് ചൊവ്വാഴ്ച ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ച ഒഴിവിലേക്കാണ് ജസ്റ്റിസ് ബിആർ ഗവായ് ചുമതലയേറ്റത്. നവംബർ 23 വരെ ജസ്റ്റിസ് ബിആർ ഗവായ് ചീഫ് ജസ്റ്റിസ് പദവിയിൽ തുടരും.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, ജെ പി നഡ്ഡ, എസ് ജയശങ്കർ, പീയുഷ് ഗോയൽ, അർജുൻ രാം മേഘ്വാൾ, ലോക്സഭാ സ്പീക്കർ ഓം ബിർള, വൈസ് പ്രസിഡന്റ് വി പി ധൻകർ, മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, മുൻ പ്രസിഡന്റ് റാം നാഥ് കോവിന്ദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മഹാരാഷ്ട്രയിലെ അമരാവതി സ്വദേശിയായ ജസ്റ്റിസ് ബി. ആർ ഗവായ് 2003ൽ ബോംബെ ഹൈകോടതിയിൽ അഡീഷനൽ ജഡ്ജിയായി. 2019 മേയിലാണ് ബി.ആർ ഗവായ് സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റത്. ബോംബെ ഹൈകോടതി നാഗ്പൂർ ബെഞ്ചിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച ഗവായ് ഭരണഘടനാ നിയമത്തിലും ഭരണ നിർവ്വഹണ നിയമത്തിലും വിദഗ്ധനാണ്. മുൻ കേരള ഗവർണർ ആർ.എസ് ഗവായിയുടെ മകനാണ് ബി.ആർ ഗവായ്. കൂടാതെ മലയാളി ജസ്റ്റിസ് കെജി ബാലകൃഷ്ണന് ശേഷം സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആകുന്ന രണ്ടാമത്തെ ദളിത് വിഭാഗക്കാരനും ആദ്യ ബുദ്ധമത വിശ്വാസിയുമാണ് ജസ്റ്റിസ് ബിആർ ഗവായ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

