സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി നമ്പാല കേശവ റാവുവിനെ വധിച്ച് സുരക്ഷാ സേന; അഭിമാനമെന്ന് പ്രധാനമന്ത്രി

സിപിഐ മാവോയിസ്റ്റ് ജനറൽ സെക്രട്ടറി നമ്പാല കേശവ റാവുവിനെ സുരക്ഷ സേന വധിച്ചു. ഛത്തീസ്ഗഡിൽ നടന്നഏറ്റുമുട്ടലിലാണ് ബസവരാജു എന്ന നമ്പാല കേശവ റാവു അടക്കം 27 മാവോയിസ്റ്റുകളെ സുരക്ഷ സേന വധിച്ചത്. ഏറ്റമുട്ടലിൽ ഡിസ്ട്രിക് റിസർവ്വ് ഗാർഡിലെ ജവാൻ വീരമൃത്യു വരിച്ചു. സേനകളുടെ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.

സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റു സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇരിക്കുന്ന ഒരാൾ കൊല്ലപ്പെടുന്നത് ചരിത്രത്തിൽ ആദ്യമാണ്. ബസവരാജു എന്നറിയപ്പെടുന്ന നമ്പല കേശവറാവു ആന്ധ്ര ശ്രീകാകുളം സ്വദേശിയാണ്. എൻ ഐ എയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലെ പ്രമുഖനാണ് മരിച്ചത്. മാവോയിസ്റ്റ് പാർട്ടി ഘടനയിലെ ഏറ്റവും മുതിർന്ന കമാൻഡറായ ബസവരാജു സുരക്ഷാസേനയ്ക്കും സാധാരണക്കാർക്കും നേരെ നടത്തിയ നിരവധി ആക്രമണങ്ങളിലൂടെയാണ് സംഘടന തലപ്പത്തേക്ക് ഉയർന്നത്.

2018ൽ സിപിഐ മാവോയിസ്റ്റിൻറെ ജനറൽ സെക്രട്ടറിയായി. 2010ൽ 74 സി ആർ പി എഫ് ജവാന്മാരുടെ ജീവനെടുത്ത ആക്രമണത്തിന്റെ സൂത്രധാരനും തലവനും ബസവരാജു ആയിരുന്നു. 2019 ൽ 15 കമാൻഡോകൾ വീരമൃത്യു വരിച്ച മറ്റൊരു ആക്രമണത്തിന്റെ സൂത്രധാരനും ബസവരാജു ആയിരുന്നു. വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ബസവരാജു കൊല്ലപ്പെട്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സ്ഥിരീകരിച്ചു. ബസവ രാജുവിനു പുറമെ 27 മാവോയിസ്റ്റുകളെയാണ് ഇന്ന് നടന്ന ഏറ്റുമുട്ടലിൽ സുരക്ഷ സേന വധിച്ചത്. ഇവരുടെ പക്കൽ നിന്ന് വൻ ആയുധശേഖരവും കണ്ടെടുത്തു.

രഹസ്യ വിവരത്തെത്തുടർന്ന് മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിലിന് ഇറങ്ങിയ ഡിസ്ട്രിക്ട് റിസർവ് ഗാർഡ് ഉദ്യോഗസ്ഥർക്ക് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. പിന്നീട് നടന്ന ഏറ്റുമുട്ടലിൽ ഡിസ്ട്രിക്ട് റിസർവ്ഗാർഡിലെ ഒരു ജവാൻ വീരമൃത്യു വരിച്ചു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. 2026 മാർച്ച് 31 ഓടെ രാജ്യത്തുനിന്ന് മാവോയിസത്തെ തുടച്ചുനീക്കുമെന്ന് അമിത് ഷാ ആവർത്തിച്ചു. ഛത്തീസ്ഗഡിലും തെലങ്കാനയിലും മഹാരാഷ്ട്രയിലുമായി നടത്തിയ ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റിൽ 54 മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തു എന്നും അമിത് ഷാ വ്യക്തമാക്കി. 84 മാവോയിസ്റ്റുകൾ കീഴടങ്ങി. സുരക്ഷസേനയുടെ വലിയ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി കുറിച്ചു. മാവോയിസത്തിന്റെ ഭീഷണി ഇല്ലാതാക്കി ജനങ്ങൾക്ക് സമാധാനവും പുരോഗതിയും നിറഞ്ഞ ജീവിതം ഉറപ്പാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply