സിന്ദൂർ ഓപറേഷ​നിൽ ലോകരാജ്യങ്ങളുടെ പ്രതികരണം

ഇന്ത്യയുടെ തിരിച്ചടിക്കു പിന്നാലെ യുദ്ധസമാന സാഹചര്യമുണ്ടാകുമോ എന്ന ആശങ്കയിലാണ് ലോകം. ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ചതാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു.  നിലവിലെ സംഘർഷ സാഹചര്യം നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പ്രതികരിച്ചു.  കഴിഞ്ഞ കാല സംഭവങ്ങൾ മുൻനിർത്തി നോക്കുമ്പോൾ എന്തോ സംഭവിക്കാൻ പോവുകയാണെന്ന് ജനങ്ങൾ മനസിലാക്കിയിട്ടു​ണ്ടാകുമെന്നാണ് തോന്നുന്നത്. കുറെകാലമായി അവർ പോരാടുകയാണ്. ഇത് എ​ത്രയും പെട്ടെന്ന് അവസാനിപ്പിക്കണം എന്നാണ് പറയാനുള്ളതെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യയിലെയും പാകിസ്താനിലെയും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ എക്സിൽ കുറിച്ചു. സമാധാനപരമായ പരിഹാരത്തിനായി ആണവായുധങ്ങൾ കൈവശമുള്ള ഏഷ്യൻ അയൽക്കാരുമായി യു.എസ് തുടർന്നും സഹകരിക്കുമെന്നും റൂബിയോ കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ സൈനിക നടപടിയെ കുറിച്ച് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ മാർക്കോ റൂബിയോയുമായി സംസാരിച്ചതായി വാഷിങ്ടണിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. പാകിസ്താനെതിരായ ഇന്ത്യയുടെ സൈനിക നീക്കത്തിൽ ആശങ്ക പ്രകടിപ്പിച്ചു. കൂടുതൽ സംഘർഷങ്ങളിലേക്ക് പോകാതെ ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. സമാധാനത്തിനും സുസ്ഥിരതക്കുമാണ് ഇന്ത്യയും പാകിസ്താനും മുൻഗണന നൽകേണ്ടതെന്നും കൂടുതൽ സംഘർഷത്തിലേക്ക് പോകാതെ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.

ഇന്ത്യക്ക് പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു ഇസ്രായേലിന്റെ പ്രതികരണം. ഒരിടവും സുരക്ഷിതമല്ലെന്ന്നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരർ തിരിച്ചറിയണമെന്നും ഇസ്രായേൽ പ്രതികരിച്ചു. ഇന്ത്യയുടെ സൈനിക നീക്കത്തെ ഏറെ ആശങ്കയോടെയാണ് കാണുന്നതെന്നായിരുന്നു യു.എൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസിന്റെ പ്രതികരണം. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും കൂടുതൽ സംഘർഷങ്ങളിലേക്ക് പോകരുതെന്നും യു.എ.ഇ പ്രതികരിച്ചു.

പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് കരസേന തകർത്തത്. നാല് ജയ്​ശെ മുഹമ്മദ്​, മൂന്ന് ലശ്​കറെ ത്വയ്യിബ, രണ്ട് ഹിസ്​ബുൽ മുജാഹിദീൻ കേന്ദ്രങ്ങളാണ് സൈന്യം തകർത്തത്. പാക് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും കരസേന വ്യക്തമാക്കി. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 55 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ആക്രമണമുണ്ടായ വിവരം പാക് പ്രധാനമന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്.

കൂടുതൽ വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന് ശേഷം നീതി നടപ്പാക്കിയെന്ന് സൈന്യം എക്സിൽ കുറിച്ചു. കോട്ട്ലി, മുറിദ്കെ, ബഹാവൽപൂർ, ചക് അമ്രു, ഭിംബർ, ഗുൽപൂർ, സിയാൽകോട്ട്, മുസാഫറബാദ്, ഭാഗ് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply