സിനിമാനടൻമാരുടെ വസതികളിലെ റെയ്ഡിനെതിരെ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

മലയാളത്തിലെ യുവതാരങ്ങളായ ദുൽഖർ സൽമാന്‍റെയും പൃഥ്വിരാജിന്‍റെയും വീടുകളിൽ ഇ.ഡി റെയ്ഡിനെതിരെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ശബരിമലയിലെ സ്വർണപ്പാളി വിവാദം മുക്കാനായാണ് സിനിമക്കാരെ ഇതിനിടയിലേക്ക് വലിച്ചിഴച്ചതെന്ന് സംശയമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. പാലക്കാട് നടത്തിയ കലുങ്ക് സംവാദത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.

‘സ്വർണത്തിന്‍റെ വിഷയം മുക്കാൻവേണ്ടിയാണോ സിനിമാ രംഗത്തെ രണ്ടുപേരെ വീണ്ടും ത്രാസിൽ കയറ്റി അളക്കാൻ കേരള ജനതക്ക് വിട്ടു കൊടുത്തിരിക്കുന്നത്. അതിനെ കുറിച്ച് എൻ.ഐ.എ, ഇ.ഡി എല്ലാം പരിശോധിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നതിനാൽ കേന്ദ്രമന്ത്രിസഭയിൽ ഇരുന്ന് ഒന്നും പറയുന്നില്ല. ഈ സർക്കാറിനെ (പിണറായി സർക്കാർ) ബാധിക്കുന്ന വിഷയങ്ങൾ വരുമ്പോൾ തിളക്കമുള്ളവരെ മലിനപ്പെടുത്തുക, കളങ്കപ്പെടുത്തുക എന്ന് പറയുന്ന പ്രക്രിയ മാത്രമാണ് പൊലീസിനെ ഉപയോഗിച്ച് നടന്നു കൊണ്ടിരിക്കുന്നത്. ഇനിയും വരും കഥകൾ’ -സുരേഷ് ഗോപി പറഞ്ഞു.

ദുൽഖറിന്‍റെയും പൃഥ്വിരാജിന്‍റെയും വീടുകളടക്കം 17 ഇടങ്ങിൽ കഴിഞ്ഞ ദിവസം ഒരേസമയം ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. കസ്റ്റംസിന്‍റെ പരിശോധനക്ക് പിന്നാലെയായിരുന്നു ഇ.ഡിയുടെ റെയ്ഡ്. മമ്മൂട്ടി ഹൗസ് എന്നറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും മമ്മൂട്ടിയും ദുൽഖറും താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലുമാണ് പരിശോധന. ഫെമ നിയമലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു ഇ.ഡിയുടെ റെയ്ഡ്. അതേസമയം, ദുൽഖർ അടക്കമുള്ള താരങ്ങളുടെ ഭാഗത്ത് നിന്ന് സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്ന് തെളിഞ്ഞാൽ താരങ്ങളെ വിളിച്ചു വരുത്തി മൊഴിയെടുക്കും.

മലയാള സിനിമ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ഭൂട്ടാനില്‍ നിന്ന് നികുതിവെട്ടിച്ച് എത്തിച്ച വാഹനങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അന്വേഷണം ആരംഭിച്ചത്. ദുൽഖർ സൽമാൻ, പൃഥ്വിരാജ് സുകുമാരന്‍, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിൽ പരിശോധന നടത്തിയിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply