സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങളോട് പ്രതികരിച്ച് ബാലചന്ദ്ര മേനോൻ

സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങളോട് പ്രതികരിച്ച് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. തന്‍റെ പേരിലുള്ള കേസിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അനുകൂലമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടും സമൂഹമാധ്യമത്തിൽ ഇപ്പോഴും ദുഷ്പ്രചാരണങ്ങൾ തുടരുന്നുണ്ടെന്ന് അദ്ദേഹം എഴുതി. അതേസമയം, ബാലചന്ദ്രമേനോനെ അപകീർത്തിപ്പെടുത്തിയ കേസിൽ നടി മിനു മുനീറിനെ അറസ്റ്റ് ചെയ്തിരുന്നു. ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയെന്നതാണ് കേസ്. കൊച്ചി ഇൻഫോപാർക്ക് സൈബർ പോലീസാണ് മിനു മുനീറിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു. അതേസമയം ബാലചന്ദ്രമേനോനെതിരെ നടി നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട കേസിലെ നടപടികൾ കോടതി അവസാനിപ്പിച്ചിരുന്നു. ഇതിൻറെ ഭാഗമായി പരാതിക്കാരിക്ക് കോടതി നോട്ടീസ് നൽകി. ബാലചന്ദ്രമേനോനെതിരെയുള്ള ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.

ബാലചന്ദ്ര മേനോന്‍റെ പോസ്റ്റ്

‘പ്രിയപ്പെട്ട സുഹൃത്തുക്കളേ, അഭ്യുദയകാംക്ഷികളേ,

എനിക്കെതിരായ ദുഷ്പ്രചാരണങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോഴും തുടരുന്നുണ്ടെന്ന് ഞാൻ മനസിലാക്കുന്നു. ഞാനുൾപ്പെട്ട കേസ്‌ അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ എനിക്ക് അനുകൂലമായ ഒരു റഫറൽ റിപ്പോർട്ട് ബഹുമാനപ്പെട്ട കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെങ്കിലും സമൂഹമാധ്യമത്തിൽ ഇപ്പോഴും എനിക്ക് ദോഷം വരുത്തുന്ന തരത്തിൽ ദുഷ്പ്രചാരണങ്ങൾ തുടരുന്നുണ്ടെന്ന് എനിക്കറിയാം…

ഈ പ്രവർത്തനത്തിന്റെ ‘പ്രമോട്ടർമാർ’ അങ്ങനെ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. ഞാൻ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് പലരും എന്നോട് ചോദിക്കുന്നു. ശരിയായ സമയം വരുമ്പോൾ പ്രതികരിക്കും.

അതുവരെ നിശബ്ദക്ക് സ്വർണത്തിന്‍റെ മൂല്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.

സ്നേഹപൂർവ്വം,

ബാലചന്ദ്ര മേനോൻ

Leave a Reply