സന്നിധാനത്ത് മരണമുണ്ടായാൽ മൃതദേ​ഹം ആംബുലൻസിൽ താഴെ എത്തിക്കണം, സ്ട്രെച്ചർ വേണ്ട; ഹൈക്കോടതി

ശബരിമല സന്നിധാനത്ത് മരണങ്ങൾ ഉണ്ടായാൽ മൃതദേഹം താഴെയെത്തിക്കുന്നതിനായി ആംബുലൻസുകൾ ഉപയോഗിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. മൃതദേഹങ്ങൾ സ്ട്രെച്ചറിൽ ചുമന്ന് താഴെയിറക്കുന്നത് ഒഴിവാക്കണമെന്നും കോടതി ഉത്തരവിട്ടു. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റേതാണ് ഈ നിർണ്ണായക ഉത്തരവ്. സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി.

ഓരോ മണ്ഡല-മകരവിളക്ക് സീസണിലും ശബരിമലയിൽ ഏകദേശം 150 പേർക്കെങ്കിലും ഹൃദയാഘാതം ഉണ്ടാകാറുണ്ടെന്നാണ് കണക്ക്. ഇതിൽ 40-ഓളം പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്യുന്നു. നിലവിൽ, സന്നിധാനത്തെ സർക്കാർ ആശുപത്രിയിൽ നിന്ന് മൃതദേഹങ്ങൾ സ്ട്രെച്ചറിൽ ചുമന്നാണ് താഴേക്ക് കൊണ്ടുവരുന്നത്. ഈ രീതി ഇനി തുടരരുതെന്ന് കോടതി നിർദ്ദേശിച്ചു.

രോഗം ബാധിച്ചവരെ താഴെയിറക്കാൻ നിലവിൽ ആംബുലൻസ് സൗകര്യമുണ്ട്. ഈ സംവിധാനങ്ങൾ തന്നെ മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനും ഉപയോഗിക്കണം. തീർത്ഥാടകർ മലകയറുന്നതിനിടയിൽ, അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ മൃതദേഹങ്ങൾ സ്ട്രെച്ചറിൽ കൊണ്ടുപോകുന്നത് ഒഴിവാക്കുന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്.

Leave a Reply