സംസ്ഥാന കായികമേളയ്ക്കിടെ കളഞ്ഞുകിട്ടിയ സ്വർണ്ണമാല തിരികെ നൽകി സത്യസന്ധതയുടെ ഉദാത്ത മാതൃകയായ നേമം വിക്ടറി ഗേൾസ് എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി പഞ്ചമിയെ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭിനന്ദിച്ചു. പഞ്ചമിയുടെ പ്രവൃത്തി കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തിന് ഒന്നടങ്കം അഭിമാനകരമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
സംസ്ഥാന കായികമേളയുടെ അക്കോമഡേഷൻ സെന്ററുകളിൽ ഒന്നായി നേമം വിക്ടറി ഗേൾസ് സ്കൂൾ പ്രവർത്തിച്ചിരുന്നു. എറണാകുളം ജില്ലയിൽ നിന്നുള്ള കായികതാരങ്ങൾ താമസിച്ചിരുന്ന ക്ലാസ് മുറിയിൽ നിന്നാണ് പഞ്ചമിക്ക് സ്വർണ്ണമാല ലഭിച്ചത്. വിദ്യാർത്ഥിനി ഉടൻതന്നെ വിവരം ക്ലാസ് ടീച്ചറായ അതുല്യ ടീച്ചറെ അറിയിക്കുകയും, പ്രഥമ അധ്യാപികയുടെ ചാർജ് വഹിക്കുന്ന ഇന്ദു ടീച്ചർ മുഖേന നേമം പോലീസ് സ്റ്റേഷനിൽ വിവരം കൈമാറി മാല യഥാർത്ഥ ഉടമയ്ക്ക് തിരികെ നൽകാനുള്ള നടപടികൾ സ്വീകരിക്കുകയുമായിരുന്നു.
“വിദ്യാഭ്യാസ അവകാശത്തിനായി ചരിത്രപരമായ പോരാട്ടം നടന്ന, അയ്യൻകാളിയുടെ നേതൃത്വത്തിൽ പഞ്ചമി പഠിക്കാനെത്തിയ ഊരുട്ടുമ്പലത്തിന്റെ മണ്ണിൽ നിന്ന് സത്യസന്ധതയുടെ പ്രതീകമായി മറ്റൊരു പഞ്ചമി കൂടി വരുന്നത് ഏറെ സന്തോഷവും പ്രതീക്ഷയും നൽകുന്ന കാര്യമാണ്,” മന്ത്രി പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

