സംസ്ഥാന സ്‌കൂൾ ശാസ്‌ത്രമേളയ്ക്ക് തുടക്കം, സുപ്രധാന പ്രഖ്യാപനങ്ങളുമായി വി ശിവൻകുട്ടി, വേദി പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിലും

സംസ്ഥാന സ്‌കൂൾ ശാസ്‌ത്രമേളയ്ക്ക് പാലക്കാട് തുടക്കം. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി നിർവഹിച്ചു. 14 ജില്ലകളിൽ നിന്നായി പതിനായിരത്തോളം ശാസ്ത്ര പ്രതിഭകളാണ് പങ്കെടുക്കുന്നത്. ശാസ്ത്രം, ഗണിതം, ഐടി, പ്രവൃത്തി പരിചയം, സാമൂഹ്യശാസ്ത്രം, വൊക്കേഷണൽ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. മാനുവൽ പരിഷ്കരിച്ച ശേഷമുള്ള സമ്പൂർണ ശാസ്ത്രമേള ആറ് വേദികളിലായാണ് നടക്കുന്നത്. മന്ത്രിമാരായ വി ശിവൻ കുട്ടി, എംബി രാജേഷ് എന്നിവർക്കൊപ്പം പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലും ചടങ്ങിൽ പങ്കെടുത്തു. രാഹുൽ പരിപാടിയിൽ പങ്കെടുത്തതിൽ പ്രതിഷേധിച്ച് പാലക്കാട് നഗരസഭ കൗൺസിലറും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ മിനി കൃഷ്ണകുമാർ വേദിയിൽ നിന്നും ഇറങ്ങി പോയി. നേരത്തെ രാഹുലിനെ സ്വാഗത സംഘം രൂപീകരണ യോഗത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.

മന്ത്രി വി ശിവൻകുട്ടി വലിയ പ്രഖ്യാപനങ്ങളോടെയാണ് ശാസ്ത്രോത്സവും ഉദ്ഘാടനം ചെയ്തിരിക്കുന്നത്. മൂന്ന് പ്രഖ്യാപനങ്ങളാണ് പ്രധാനമായും നടത്തിയത്. അടുത്ത വർഷം മുതൽ ശാസ്ത്രമേളയ്ക്ക് സ്വർണക്കപ്പ് ഏർപ്പെടുത്തുമെന്നതാണ് ഇതിൽ പ്രധാന പ്രഖ്യാപനം. കൂടാതെ സമ്മാനത്തുകയും വർധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രാർത്ഥനയിലെ ഏകീകരണം നടത്തുമെന്ന മറ്റൊരു പ്രധാന പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. എല്ലാ സ്കൂളിലും ഒരുപോലെ ഉള്ള പാട്ട് പാടണം. ചില മത സംഘടനകളുടെ സ്കൂളുകളിൽ പ്രത്യേക വിഭാഗത്തിൻ്റെ പ്രാർത്ഥന നടക്കുന്നു. വിദ്യാർത്ഥിയായതുകൊണ്ട് മാത്രം അത് പാടേണ്ടി വരുന്നു. എല്ലാ സ്കൂളുകളിലും ഒരുപോലെയുള്ള പാട്ട് വരണമെന്നത് സമൂഹത്തിൻ്റെ ചർച്ചക്ക് വെക്കുന്നതായും ഭരണഘടന മൂല്യങ്ങളും ശാസ്ത്ര ബോധവും ഉള്ള പാട്ടുകളാണ് വേണ്ടതെന്നും മന്ത്രി ഉദ്ഘാടന വേദിയിൽ പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply