2025-ൽ ഷാർജ അന്താരാഷ്ട്ര വിമാനത്താവളം വഴി 1.94 കോടി യാത്രക്കാർ സഞ്ചരിച്ചതായി അധികൃതർ അറിയിച്ചു. മുൻ വർഷങ്ങളേക്കാൾ
13.9 ശതമാനം വളർച്ചാ നിരക്കാണ് റിപ്പോർട്ട് ചെയ്തത്.2024-ൽ ഇത് 1.71 കോടിയും 2023-ൽ 1.53 കോടിയുമായിരുന്നു.
2025-ൽ 2,04,323 ടൺ ചരക്കുകളും കൈകാര്യം ചെയ്തു. മികച്ച യാത്രാ, കാർഗോ സേവനങ്ങളിലൂടെയാണ് നേട്ടംസാധ്യമായത്. വ്യോമഗതാഗതത്തിനും ലോജിസ്റ്റിക്‌സിനുമുള്ള പ്രധാന കേന്ദ്രമെന്നനിലയിൽ എമിറേറ്റിന്റെ പദവി ശക്തമാക്കുന്നതാണ് പുതിയ കണക്കുകൾ.
കഴിഞ്ഞവർഷം മൊത്തം 1,16,657 വിമാന സർവീസുകൾ കൈകാര്യംചെയ്തിട്ടുണ്ട്. എമിറേറ്റിന്റെ സാമ്പത്തിക, വിനോദസഞ്ചാര ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സേവന നിലവാരം ഉയർത്താനാണ് ശ്രമിക്കുന്നതെന്ന് ഷാർജ എയർപോർട്ട് അതോറിറ്റി ചെയർമാൻ അലി സലേം അൽ മിദ്ഫ പറഞ്ഞു.
അടിസ്ഥാനസൗകര്യങ്ങൾ, ഡിജിറ്റൽ സംവിധാനങ്ങൾ, സുസ്ഥിരതാ സംരംഭങ്ങൾ എന്നിവയിൽ നിക്ഷേപിക്കുന്നത് തുടരുന്നുണ്ടെന്നും അൽ മിദ്ഫ വ്യക്തമാക്കി. പ്രാദേശിക, അന്താരാഷ്ട്ര ഭൂപടത്തിലെ പ്രധാനലക്ഷ്യസ്ഥാനമായി എമിറേറ്റിന്റെ പദവി അനുദിനം വർധിക്കുകയാണെന്ന് ഷാർജ എയർപോർട്ട് അതോറിറ്റി മേധാവി ശൈഖ് ഫൈസൽ ബിൻ സൗദ് അൽ ഖാസിമി പറഞ്ഞു. യാത്രക്കാരുടെ സമയവും പരിശ്രമവും ലാഭിക്കാനായി ഹോം ചെക്ക്-ഇൻ സേവനങ്ങൾ വിപുലീകരിക്കുന്നുമുണ്ട്. അടുത്തിടെ ആരംഭിച്ച ഹോസ്പിറ്റാലിറ്റി ലോഞ്ചും മികച്ച സേവനങ്ങളാണ് നൽകുന്നത്.

