ശ്രീക്കുട്ടിയുടെ നില ​ഗുരുതരമായി തന്നെ തുടരുന്നു

വർക്കലയിൽ മദ്യലഹരിയിൽ സഹയാത്രികൻ ട്രെയിനിൽ നിന്ന് ചവിട്ടിത്തള്ളിയിട്ട പത്തൊമ്പതുകാരി ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ് ശ്രീക്കുട്ടി. പെൺകുട്ടി ആക്രമിക്കപ്പെട്ട ട്രെയിനിന്റെ ബോഗിയിൽ പൊലീസ് പരിശോധന നടത്തി. തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ആരോഗ്യസ്ഥിതി വിലയിരുത്തി. ന്യൂറോളജി, ന്യൂറോ സർജറി വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാർ ശ്രീക്കുട്ടിയെ പരിശോധിച്ചു. തലയിലെ പരിക്ക് ഗുരുതരമെന്നാണ് വിലയിരുത്തൽ. തലയിലെ മർദ്ദം കുറയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ തുടരുന്നത്. ഇതിനായുള്ള മരുന്നാണ് നൽകുന്നത്.

ഈ സ്ഥിതി മെച്ചപ്പെട്ടതിന് ശേഷമായിരിക്കും തുടർ ചികിത്സകളിൽ തീരുമാനം. അതേസമയം പെൺകുട്ടി ആക്രമിക്കപ്പെട്ട ബോഗി പൊലീസ് പരിശോധിച്ചു. ഫൊറൻസിക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കൊച്ചു വേളി യാർഡിൽ വെച്ചായിരുന്നു പരിശോധന. കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം. കേരള എക്സ്പ്രസിന്‍റെ ജനറൽ കംപാർട്ട്മെന്‍റിൽ യാത്ര ചെയ്യുകയായിരുന്ന ശ്രീക്കുട്ടി എന്ന സോനയെയാണ് മദ്യ ലഹരിയിലായിരുന്ന സഹയാത്രികൻ സുരേഷ് കുമാർ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ചവിട്ടിത്തള്ളി താഴെയിട്ടത്.

ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശുചിമുറി ഉപയോഗിക്കാനെത്തിയപ്പോൾ ഉണ്ടായ വാക് തര്‍ക്കത്തിന്‍റെ പേരിലായിരുന്നു അതിക്രമം. വാതിൽക്കൽ നിന്ന് മാറാത്തതിന്‍റെ വൈരാഗ്യത്തിലാണ് പെൺകുട്ടിയെ പിന്നിൽ നിന്നും തള്ളിയിട്ടതെന്നാണ് എഫ്ഐആര്‍. ശ്രീക്കുട്ടിയും സുരേഷും തമ്മിൽ വാക് തർക്കമുണ്ടായെന്നും സൂചനയുണ്ട്. പ്രതി പനച്ചിമൂട് സ്വദേശി സുരേഷ് കുമാർ റിമാൻഡിലാണ്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply