ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര നാളെ നടക്കും. ഇന്ന് വിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്ന ആക്സിയം 4 ദൗത്യം മോശം കാലാവസ്ഥ കാരണം നാളേക്ക് മാറ്റുകയായിരുന്നു. ആക്സിയം 4 ദൗത്യ വിക്ഷേപണം കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന് ബുധനാഴ്ച ഇന്ത്യൻ സമയം വൈകീട്ട് 5.30ന് നടക്കും. ചരിത്ര ദൗത്യത്തിനായി ഇസ്രൊ ചെയർമാൻ ഡോ. വി നാരായണൻ അടക്കം ഇന്ത്യയിൽ നിന്നുള്ള പ്രത്യേക സംഘം ഫ്ലോറിഡയിലുണ്ട്. ആക്സിയം സ്പേസ്, നാസയും സ്പേസ് എക്സുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആക്സിയം 4 ദൗത്യത്തില്‍ നാസ-ഐഎസ്ആര്‍ഒ സഹകരണത്തിന്‍റെ ഭാഗമായാണ് ശുഭാംശു ശുക്ലയ്ക്ക് അവസരം ലഭിച്ചത്.
ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും ഐഎസ്എസ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യനുമാവാനാണ് 39-കാരനായ ശുഭാംശു ശുക്ല തയ്യാറെടുക്കുന്നത്. ആക്സിയം 4 വിക്ഷേപണത്തിന്‍റെ തത്സമയ വിവരങ്ങള്‍ നല്‍കാന്‍ നാസ അക്രഡിറ്റേഷൻ ലഭിച്ച ഏഷ്യാനെറ്റ് ന്യൂസ് വാർത്ത സംഘം ഡോ. കൃഷ്ണ കിഷോറും ക്യാമറാമാൻ ഷിജോ പൗലോസും ഫ്ലോറിഡയിൽ ഉണ്ട്. വിക്ഷേപണത്തിന്‍റെ സമഗ്ര വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകരിലേക്ക് എത്തിക്കും.