രാകേഷ് ശർമ്മയ്ക്ക് ശേഷം ബഹിരാകാശത്തെത്തുന്ന ഇന്ത്യക്കാരനാവാൻ തയ്യാറെടുക്കുന്ന ശുഭാംശു ശുക്ലയുടെ യാത്ര വൈകും. മെയ് 29ന് വിക്ഷേപിക്കുമെന്ന് മുമ്പ് തീരുമാനിച്ചിരുന്ന ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയം 4 ദൗത്യം ജൂൺ എട്ടിലേക്ക് മാറ്റി. ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെൻററിൽ നിന്ന് ഇന്ത്യൻ സമയം വൈകുന്നേരം 6.41-നാവും ആക്‌സിയം 4 വിക്ഷേപണം നടത്തുക. സ്‌പേസ് എക്‌സിൻറെ ഫാൽക്കൺ 9 റോക്കറ്റിൽ ഡ്രാഗൺ പേടകത്തിലാകും ആക്‌സിയം 4 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുക.
ശുഭാംശു ശുക്ലയ്ക്ക് പുറമെ നാസയുടെ മുതിർന്ന ആസ്‌ട്രോനോട്ട് പെഗ്ഗി വിറ്റ്‌സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്സിയം 4 ദൗത്യത്തിലെ മറ്റ് അംഗങ്ങൾ. 14 ദിവസം ഇവർ ബഹിരാകാശ നിലയത്തിൽ തങ്ങി വിവിധ പരീക്ഷണങ്ങൾ നടത്തും. രാകേഷ് ശർമ്മയ്ക്ക് ശേഷം ഇതാദ്യമായാണ് ഒരു ഭാരതീയൻ ബഹിരാകാശത്തേക്ക് പോകുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒരു ഇന്ത്യക്കാരൻ ആദ്യമായി പോകുന്നു എന്ന പ്രത്യേകതയും ശുഭാംശു ശുക്ലയുടെ ആക്സിയം 4 യാത്രയ്ക്കുണ്ട്.
ഗഗൻയാൻ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട നാലംഗ വ്യോമസേനാ സംഘത്തിലെ ഒരാളാണ് ഉത്തർപ്രദേശ് സ്വദേശിയായ ശുഭാംശു ശുക്ല. ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ എന്നിവരാണ് ഗഗൻയാൻ ബഹിരാകാശ ദൗത്യത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവർ. നാസയും, അമേരിക്കൻ സ്വകാര്യ കമ്പനികളായ ആക്‌സിയം സ്‌പേസും സ്‌പേസ് എക്‌സും ആയി സഹകരിച്ചാണ് ഇസ്രൊ ശുഭാംശുവിനെ ബഹിരാകാശത്തേക്ക് അയക്കുന്നത്. ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായാണ് ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

