ശബരിമല സ്വര്‍ണക്കൊള്ളയിൽ ഡി മണിക്ക് പങ്കില്ലെന്ന് എസ്ഐടി

ശബരിമല സ്വർണക്കൊള്ള കേസിൽ ഡി മണിക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട്. ഹൈക്കോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്. പ്രവാസി വ്യവസായിയുമായുള്ള ബന്ധം തെളിയിക്കാൻ കഴിഞ്ഞില്ലെന്നുമാണ് എസ്ഐടിയുടെ റിപ്പോര്‍ട്ടിൽ പറയുന്നത്. മണി തലസ്ഥാനത്ത് വന്നതിൽ ദുരൂഹതയില്ലെന്നും തിരുവനന്തപുരത്ത് വ്യക്തിപരമായ കാര്യത്തിനാണെന്നും എസ്ഐടി റിപ്പോര്‍ട്ടിൽ പറയുന്നു. ശബരിമല സ്വർണകൊളള കേസിൽ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയെ എസ്ഐടി ചോദ്യം ചെയ്യുകയാണ്. കോടതി നിര്‍ദേശ പ്രകാരമാണ് ഇന്ന് ജയശ്രീ ഹാജരായത്.

അതേ സമയം, ശബരിമല സ്വർണക്കൊള്ള കേസിലെ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ.പത്മകുമാർ, സ്വർണ്ണവ്യാപാരി ഗോവർദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷകളിലാണ് ജസ്റ്റിസ് എ.ബദറുദ്ദിൻ വാദം കേൾക്കുക. സ്വർണക്കൊള്ളയിൽ പങ്കില്ല എന്നാണ് രണ്ട് പ്രതികളുടെയും വാദം. എ.പത്മകുമാറിനെതിരെ നിരവധി തെളിവുകൾ ഉണ്ടെന്നാണ് എസ്.ഐ.ടി ഹൈക്കോടതിയെ അറിയിച്ചത്.

പത്മകുമാർ നൽകിയ മൊഴിയും എസ്.ഐ.ടി കണ്ടെത്തിയ തെളിവുകളും തമ്മിൽ വൈരുദ്ധ്യമുണ്ട് എന്നുമാണ് അന്വേഷണ സംഘത്തിൻ്റെ സത്യവാങ്മൂലം. നാഗ ഗോവർദ്ധനും പങ്കജ് ഭണ്ഡാരിക്കും ഒപ്പം തെളിവുകൾ നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും ഉണ്ണികൃഷ്ണൻ പോറ്റി ഗൂഢാലോചന നടത്തി എന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. ഇതിനുള്ള തെളിവുകൾ ഉൾപ്പെടെ ശേഖരിച്ചു എന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply