ശബരിമല ക്ഷേത്രത്തില്‍ നിന്നും ഒരു തരി പൊന്ന് ആരെങ്കിലും അടിച്ചു മാറ്റിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചു വെപ്പിക്കുമെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. അത്തരം പ്രവൃത്തി ചെയ്തവരെ കയ്യാമം വെച്ച് കല്‍ത്തുറുങ്കില്‍ അടയ്ക്കാന്‍ ശേഷിയുള്ള സര്‍ക്കാരാണ് ഇന്നു കേരളത്തിലുള്ളത്. നിശ്ചയമായും അതു ചെയ്തിരിക്കുമെന്നതില്‍ സംശയം വേണ്ടെന്നും മന്ത്രി വാസവന്‍ നിയമസഭയില്‍ പറഞ്ഞു. അതു ചെയ്യുന്നതിന് പ്രതിപക്ഷം എന്തിനാണ് തടസ്സം സൃഷ്ടിക്കുന്നതെന്ന് മന്ത്രി വാസവന്‍ ചോദിച്ചു. അവര്‍ എന്തിനെയാണ് ഭയപ്പെടുന്നത്?. ശബരിമലയോട് ഏതെങ്കിലും തരത്തില്‍ താല്‍പ്പര്യമുണ്ടെങ്കില്‍, വിശ്വാസി സമൂഹത്തോട് ഏതെങ്കിലും തരത്തില്‍ താല്‍പ്പര്യമുണ്ടെങ്കില്‍, പ്രതിപക്ഷം ഈ വിഷയത്തില്‍ സര്‍ക്കാരിനോട് സഹകരിക്കുകയല്ലേ വേണ്ടത്.
ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് ഈ വിഷയത്തില്‍ അന്വേഷണം നടക്കുന്നത്. അത്തരമൊരു അന്വേഷണത്തോട് സഹകരിച്ച്, എന്തെങ്കിലും തെളിവു നല്‍കാനുണ്ടെങ്കില്‍ അതു നല്‍കുകയല്ലേ ചെയ്യേണ്ടത്. പ്രതിപക്ഷത്തിന്റെ അവസ്ഥ പത്മവ്യൂഹത്തില്‍ അകപ്പെട്ട അഭിമന്യുവിനെപ്പോലെയാണെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.
ആഗോള അയ്യപ്പസംഗമം വിശ്വാസികള്‍ അംഗീകരിച്ചു. നസ്രത്തില്‍ നിന്നും നന്മ പ്രതീക്ഷിക്കരുതെന്നും വി എന്‍ വാസവന്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ചു. അതേസമയം, അയ്യപ്പന്റെ ദ്വാരപാലക വിഗ്രഹം കോടീശ്വരന് വിറ്റുവെന്നും, ഇക്കാര്യം മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയാമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ ഈ കള്ളന്മാര്‍ അയ്യപ്പന്റെ തങ്കവിഗ്രഹം കൂടി അടിച്ചു മാറ്റി വിറ്റേനെയെന്നും സതീശന്‍ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

