വർഗീയ ശക്തികളുടെ കൂട്ടുകെട്ടായി യുഡിഎഫ് മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. യുഡിഎഫ് പ്രത്യാഘാതം അനുഭവിക്കുമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ജമാഅത്തെ ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയിലായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ എല്ലാം വർഗീയവാദികളുമായി ചേർന്ന് പോകുന്ന സ്ഥിതിയാണ്. പിഡിപിയും ജമാഅത്തെ ഇസ്ലാമിയും ഒരുപോലെ ആണോ? രണ്ടും കൂടി കൂട്ടി കുഴക്കേണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ജമാ അത്തെ ഇസ്ലാമി ലോകത്തെമ്പാടുമുള്ള വർഗീയ ശക്തിയാണെന്നും ഇസ്ലാമിക രാഷ്ട്രം വേണമെന്ന് നിലപാട് ഉള്ളവരാണെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ആ നിലപാട് അല്ലല്ലോ പിഡിപി എടുക്കുന്നത്? പിഡിപി പീഡിപ്പിക്കപ്പെട്ട ഒരു വിഭാഗമാണെന്നും എം വി ഗോവിന്ദൻ വിശദമാക്കി. പിഡിപിയെ ന്യായീകരിച്ചും ജമാ അത്തെ ഇസ്ലാമിയെ തള്ളിയുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
അതേ സമയം, ആര്യാടൻ ഷൗക്കത്തിനെ വെല്ലുവിളിച്ചായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമിൻ്റെ പ്രതികരണം. ഇസ്ലാമിക തീവ്രവാദത്തിന്റെ ബൗദ്ധിക കേന്ദ്രം മൗദൂദിയാണെന്ന് പറഞ്ഞ ഷൗക്കത്ത് തെരഞ്ഞെടുപ്പ് വന്നപ്പോൾ അത് എന്തിനു മറച്ചു വയ്ക്കുന്നുവെന്ന് എളമരം കരീം ചോദിച്ചു. വർഗീയശക്തികളെ കൂട്ട് പിടിക്കുക ഒത്തുതീർപ്പ് ഉണ്ടാക്കുക എന്നതാണ് യുഡിഎഫ് രാഷ്ട്രീയം ജമാഅത്തെ ഇസ്ലാമി ഭീകരവാദത്തിന് പിന്തുണ നൽകുന്ന ആശയത്തിന്റെ വക്താക്കളാണ്. അവരെ കൂട്ടുപിടിച്ച് എന്ത് മതനിരപേക്ഷ ഭാരതത്തെക്കുറിച്ച് പറയാനാണ് കോൺഗ്രസിന് സാധിക്കുക? വർഗീയശക്തികളുമായുള്ള കൂട്ടുകെട്ട് പാപ്പരത്തമാണ്. കോൺഗ്രസിന് രാഷ്ട്രീയ വിവേകം നഷ്ടപ്പെട്ടു. എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വീടുകയറി പ്രചാരണം നടത്താനെത്തുന്ന ആശ പ്രവർത്തകർ എസ്‌യുസിഐ പ്രവർത്തകരാണ്. അവർക്ക് നിലമ്പൂരിൽ ഒന്നും ചെയ്യാൻ കഴിയില്ല, ഒരനക്കവും ഉണ്ടാക്കാൻ പറ്റില്ല. മൂന്ന് – നാല് മാസമായി സർക്കാരിനെതിരെ നടത്തിയ പ്രചരണത്തിന് ഒരു ഫലവും ഉണ്ടാക്കാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിൻ്റെ അപ്രഖ്യാപിത ഘടകകക്ഷിയാണ് വെൽഫെയർ പാർട്ടിയെന്ന് എം സ്വരാജ് വിമർശിച്ചു. പൊതുതാത്പര്യത്തിന് നിരക്കാത്ത നിലപാടിനെ നാട് അംഗീകരിക്കില്ലെന്നും സ്വരാജ് കൂട്ടിച്ചേർത്തു. വെൽഫെയർ പാർട്ടിയുടെ പിന്തുണ യുഡിഎഫ് സ്വീകരിക്കുന്നതിനെ എതിർത്ത കാന്തപുരം വിഭാഗം എസ്‌വൈഎസ് നിലമ്പൂർ സോൺ പ്രസിഡൻ്റ് സാഫ്‌വാൻ അസ്‌ഹരി പിന്തുണ ഗുണം ചെയ്യുമോയെന്ന് കോൺഗ്രസ് ആലോചിക്കണമെന്ന് പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയെ ഐഎസിനോട് ഉപമിച്ച ആര്യാടൻ ഷൗക്കത്ത് പിന്തുണയ്ക്കായി ചാടി വീഴുന്നത് ശരിയല്ല. വിജയം നിർണയിക്കുന്നതിൽ എപി വിഭാഗം നിർണായക സ്വാധീനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.