തദ്ദേശസ്ഥാപനങ്ങൾക്കും സഹകരണ വകുപ്പിനും കീഴിൽ വെറുതെ കിടക്കുന്ന ഭൂമി വ്യവസായ ആവശ്യങ്ങൾക്ക് വിട്ടു നൽകുന്നത് വ്യവസായ വകുപ്പ് ഗൗരവമായി പരിഗണിച്ചുവരികയാണെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. കേരള ചെറുകിട വ്യവസായ വികസന കോർപറേഷൻ (സിഡ്കൊ) ഏറ്റുമാനൂർ വ്യവസായ എസ്റ്റേറ്റിൽ ആരംഭിച്ച ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഭ്യന്തര വരുമാനം വർധിക്കാൻ വ്യവസായ മേഖല ശക്തിപ്പെടേണ്ടതുണ്ട്. കൂടുതൽ വ്യവസായങ്ങൾ ആകർഷിക്കുന്നതിന് ഭൂമി ആവശ്യവുമാണ്. 37 സ്വകാര്യ പാർക്കുകൾക്ക് ഈ സർക്കാർ അനുമതി നൽകിക്കഴിഞ്ഞു. 11 ക്യാംപസ് വ്യവസായ പാർക്കുകളും ഉടൻ ഉദ്ഘാടനം ചെയ്യും. ഏറ്റമാനൂരിൽ കേന്ദ്ര വ്യവസായ വകുപ്പിനു കീഴിൽ ഉപയോഗിക്കാതെ കിടക്കുന്ന പത്ത് ഏക്കർ ഭൂമി ക്രിയാത്മകമായി ഉപയോഗിക്കുന്നതിന് കേന്ദ്രവുമായി ആശയവിനിമയം നടത്തും. സിഡ്കൊ ഇപ്പോള്‍ തുടര്‍ച്ചയായി ലാഭത്തിലാണ്. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും എംഡിമാരുടെ നിയമനം പൂർണമായും റിക്രൂട്ട്മെന്റ് ബോർഡ് വഴിയാക്കി. താൽപര്യങ്ങളുടെ പുറത്ത് ആരേയും നിയമിക്കില്ല.
പുതുതായി നിയമിക്കപ്പെടുന്ന എം.ഡിമാർക്ക് ഒരു വർഷം പ്രൊബേഷൻ കാലാവധിയായിരിക്കും. അതിനുശേഷമാണ് കാലാവധി നീട്ടിക്കൊടുക്കുക. പൊതുമേഖല സ്ഥാപനങ്ങളെയെല്ലാം ലാഭത്തിലാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കേരളം ലക്ഷ്യംവെച്ചതിലുമേറെ സംരംഭങ്ങളും നിക്ഷേപകരും ഇപ്പോൾ കടന്നുവരികയാണെന്നും പുതിയ ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇതിലൂടെ സാധിച്ചിട്ടുണ്ടെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി മുഖ്യപ്രഭാഷണം നടത്തി.