മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ പെരുമ്പാവൂർ സ്വദേശി അസ്മ മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി മലപ്പുറം എസ്പി. പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, തെളിവുനശിപ്പക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തതെന്നും യഥാസമയം അശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
അസ്മയുടെ പ്രസവസമയത്ത് ഒരു സ്ത്രീയുടെ പരിചരണം ഉണ്ടായിരുന്നതായി പ്രതി മൊഴി നൽകിയിട്ടുണ്ട്. അവരിലേക്കും അന്വേഷണം നീളുമെന്ന് എസ്പി പറഞ്ഞു. യുവതി അഞ്ച് തവണ പ്രസവിച്ചപ്പോൾ ആദ്യത്തെ രണ്ടെണ്ണം ആശുപത്രിയിലും മറ്റുള്ളവ വീട്ടിലുമാണ് നടന്നത്. രണ്ടുപ്രവസങ്ങൾ വീട്ടിൽ നിന്ന് നല്ലരീതിയിൽ നടന്നതുകൊണ്ടാണ് മൂന്നാമത്തെ പ്രസവവും വീട്ടിൽ വച്ച് നടത്താൻ തീരുമാനിച്ചതെന്നാണ് സിറാജൂദ്ദീൻ പൊലീസിന് നൽകിയ മൊഴി.
ആത്മീയകാര്യങ്ങളിൽ അധികമായി വിശ്വസിക്കുന്ന ആളായതിനാലാണ് യുവതിയുടെ പ്രസവം വീട്ടിൽ നടത്താൻ തീരുമാനിച്ചതെന്നാണ് സിറാജുദ്ദീൻ പറഞ്ഞതെന്ന് എസ്പി പറഞ്ഞു. യുവതിയൂടെ വീട്ടുകാരുടെ വിശദമായ മൊഴിയെടുക്കുമെന്നും എസ്പി പറഞ്ഞു. ആലപ്പുഴ സ്വദേശിയായ സിറാജുദ്ദീൻ അടുത്തകാലത്താണ് ഇവിടെയെത്തിയതെന്നും യൂട്യൂബ് ചാനലും മതപ്രഭാഷണവുമാണ് വരുമാനമാർഗമെന്നും എസ്പി പറഞ്ഞു. അഞ്ചാം തീയതി വൈകീട്ടാണ് യുവതിയുടെ പ്രസവം നടന്നത് രാത്രിയോടെ മരണം സംഭവിച്ചു. പുലർച്ചെ മൃതദേഹം പെരുമ്പാവൂരിലേക്ക് കൊണ്ടുപോയെന്നാണ് ഭർത്താവിന്റെ കുറ്റസമ്മതമൊഴി.
അതേസമയം, മരണത്തിന് കാരണം അമിത രക്തസ്രാവമാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വൈദ്യസഹായം യഥാസമയം ലഭിക്കാത്തതിനാൽ രക്തം വാർന്നാണു മരണമെന്ന് എറണാകുളം ഗവ. മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണു വ്യക്തമായത്. വൈകീട്ട് 6നു പ്രസവിച്ച അസ്മ രാത്രി ഒൻപതിനാണു മരിച്ചത്. 3 മണിക്കൂറോളം രക്തസ്രാവമുണ്ടായി. ഇതു നിയന്ത്രിക്കാൻ വൈദ്യസഹായം ലഭ്യമാക്കിയില്ല. യുവതി മരിച്ചതോടെ മൃതദേഹവുമായി ഭർത്താവ് സിറാജുദീൻ പെരുമ്പാവൂരിലേക്കു വരികയായിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ ബന്ധുക്കൾ മരണത്തിൽ ദുരൂഹത ആരോപിച്ചത്.
അസ്മയുടെ മരണവിവരം സഹോദരങ്ങളെയുൾപ്പെടെ അറിയിക്കാതെ സിറാജുദ്ദീൻ മറച്ചുവച്ചതിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി അസ്മയുടെ മാതൃസഹോദരൻ ടി കെ മുഹമ്മദ് കുഞ്ഞ് രംഗത്തെത്തി. അസ്മയുടെ മൃതദേഹത്തോടുപോലും അനാദരവുണ്ടായതായും പുൽപായയിൽ പൊതിഞ്ഞരീതിയിൽ മൃതദേഹം വീട്ടിലെത്തിച്ചതിനെ തുടർന്നാണു സിറാജുദീന്റെ ഒപ്പമെത്തിയവരും അസ്മയുടെ ബന്ധുക്കളും തമ്മിൽ സംഘർഷമുണ്ടായതെന്നും മുഹമ്മദ്കുഞ്ഞ് പറയുന്നു. പൊലീസിനു പരാതി നൽകിയത് എഴുപത്തിയൊന്നുകാരനായ മുഹമ്മദ് കുഞ്ഞാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

