വിസിയുടേത് അധികാര ദുർവിനിയോ​ഗമെന്ന് മന്ത്രി ആർ ബിന്ദു

രജിസ്ട്രാർക്ക് തുടരാമെന്നും അതിന് തടസങ്ങളൊന്നുമില്ലെന്നും മന്ത്രി ആർ ബിന്ദു. വിസിയുടേത് അധികാര ദുർവിനിയോ​ഗമാണെന്നും മന്ത്രി വിമർശിച്ചു. നിയമോപദേശം തേടിയ ശേഷം സർക്കാരും കോടതിയെ സമീപിക്കും. യൂണിവേഴ്സിറ്റിയിലെ സംഘർഷാത്മകമായ പരിപാടിയിൽ നിന്ന് ഗവർണർക്ക് മാറിനിൽക്കാമായിരുന്നു. ചിത്രമെങ്കിലും മാറ്റമായിരുന്നു. മതേതര ചിന്തയോടെയാണ് പുതിയ തലമുറ വളരേണ്ടത്. സർവകലാശാലകൾ മതേതരമാണ്. നിലവിലെ നടപടി നിയമ വിരുദ്ധമാണെന്നും നടപടിയെടുക്കാനുള്ള അധികാരം സിൻഡിക്കേറ്റിനാണെന്നും മന്ത്രി വിശദമാക്കി. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചുള്ള സെനറ്റ് ഹാളിലെ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ വി സി ഡോ. മോഹൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്തത്. ഗവർണർ പങ്കെടുക്കേണ്ട പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിസിയുടെ വിശദീകരണം.

സെനറ്റ് ഹാളിൽ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചത് വിവാദമായിരുന്നു. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ച രജിസ്ട്രാറുടെ നടപടിയാണ് വിസിയുടെ ഇടപെടലിന് ആധാരം. സർവകലാശാല അനുമതി റദ്ദ് ചെയ്തശേഷവും സെനറ്റ് ഹാളിലെ നിശ്ചിത പരിപാടിയുമായി മുന്നോട്ടുപോയി. ഇത് നിയമവിരുദ്ധമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രജിസ്ട്രാർ ഡിജിപിക്ക് പരാതി നൽകിയിരുന്നു.

Leave a Reply