വിശ്വാസ സംരക്ഷണം, കെപിസിസിയുടെ നാല് മേഖലാ ജാഥകൾ നാളെ ആരംഭിക്കും, കൊടിക്കുന്നിൽ സുരേഷ് എംപി

വിശ്വാസ സംരക്ഷണത്തിനായി കെപിസിസിയുടെ നാല് മേഖലാ ജാഥകൾ നാളെ ആരംഭിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ശബരിമലയിലെ സ്ഥിതി കൂടുതൽ വഷളാകുകയാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്നെയാണ് പ്രതിസ്ഥാനത്തെന്നും കൊടിക്കുന്നിൽ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡൻ്റുമാരും ഉത്തരവാദികളാണ്. ഉദ്യോഗസ്ഥരെ മാത്രം പ്രതിക്കൂട്ടിൽ നിർത്തി കൈ കഴുകുന്നു. ദേവസ്വം മന്ത്രി ഉൾപ്പടെ രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. ഉപ്പ് തിന്നവർ വെള്ളം കുടിക്കുക തന്നെ വേണം. 2019ലെ ബോർഡിനെ മാത്രം പ്രതി ചേർത്താൽ പോര. ഇപ്പോഴത്തെ ബോർഡിനെയും പ്രതി ചേർക്കണം. ശബരിമല വിഷയത്തിൽ സർക്കാരിന് പലതും മറയ്ക്കാൻ ഉണ്ടാകും. ചില അവതാരങ്ങൾ ശബരിമല കേന്ദ്രീകരിച്ചു കൊള്ള നടത്തുകയാണെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

ശബരിമല സ്വർണക്കൊള്ള ഔദ്യോഗിക തലത്തിൽ നടന്ന വലിയ കൊള്ളയെന്ന് ടി സിദ്ദിഖ് എംഎൽഎ
ശബരിമല സ്വർണക്കൊള്ള കേരളം രൂപം കൊണ്ടതിന് ശേഷം ഔദ്യോഗിക തലത്തിൽ നടന്ന ഏറ്റവും വലിയ കൊള്ളയെന്ന് ടി സിദ്ദിഖ് എംഎൽഎ. വലിയ ഗൂഢാലോചനയ്ക്ക് ശേഷമുള്ള കൊള്ളയാണ് ശബരിമലയിൽ നടന്നത്. നിയമസഭയിൽ നാല് ദിവസമാണ് ഈ വിഷയം പ്രതിപക്ഷം ഉന്നയിച്ചത്. പൊലീസ് സംരക്ഷണയിൽ ശബരിമലയിൽ ആക്ടിവിസ്റ്റുകളെ കയറ്റി. തന്ത്രിമാർക്കെതിരെ പരസ്യമായി പ്രസംഗിച്ച ആളാണ് പിണറായി വിജയൻ. വിശ്വാസത്തെ തകർക്കുകയാണ് സിപിഎം ചെയ്യുന്നത്. എല്ലാകാലത്തും സിപിഎം എടുത്തിട്ടുള്ള നിലപാട് വിശ്വാസികൾക്കെതിരെയാണ്. ഈ പ്രശ്നം ഏറെ ഗൗരവകരമാണെന്നും ദേവസ്വം മന്ത്രി രാജി വെക്കുകയും നിലവിലെ ദേവസ്വം ബോർഡിനെ പിരിച്ചുവിടാനുള്ള നടപടികൾ സ്വീകരിക്കുകയുമാണ് വേണ്ടതെന്നും ടി സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply