മുതിർന്ന സിപിഐ എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വീട്ടിലെത്തി സന്ദർശിച്ചു. സിപിഐ എം സംസ്ഥാന സമ്മേളനത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന കമ്മിറ്റി യോഗം എകെജി സെന്ററിൽ കൂടാനിരിക്കെയാണ് സന്ദർശനം. വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണെന്ന് എംവി ഗോവിന്ദൻ വിഎസിനെ സന്ദർശിച്ച ശേഷം ഫേസ്ബുക്കിൽ കുറിച്ചു. സിപിഎം രൂപീകരിക്കുന്നതിന് നേതൃത്വം വഹിച്ച ജീവിച്ചിരിക്കുന്ന ഏക സഖാവാണ് വി എസ്. പ്രിയ സഖാവിന് ആരോഗ്യവും സന്തോഷവും നേർന്നാണ് വീട്ടിൽ നിന്നും മടങ്ങിയതെന്ന് ഗോവിന്ദൻ പറഞ്ഞു.
എസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന സമിതിയിലെ ക്ഷണിതാവെന്ന നിലയിൽ നിന്ന് ഒഴിവാക്കിയെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇത് അസംബന്ധമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കഴിഞ്ഞ ദിവസം വ്യക്തമാക്കി. വിഎസ് സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി തുടരുമെന്ന് ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിൽ എംവി ഗോവിന്ദൻ വിശദീകരിച്ചിരുന്നു.