കേരളാ തീരത്ത് അറബിക്കടലിൽ വച്ച് തീപിടിച്ച വാൻ ഹയി 503 കപ്പൽ 15 ഡിഗ്രിവരെ ചരിഞ്ഞതായി റിപ്പോർട്ട്. കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണു. കപ്പലിൽനിന്ന് കട്ടിയേറിയ കറുത്ത പുക ഉയരുന്നു. സാഹചര്യം വിലയിരുത്താൻ ഇന്നു കൊച്ചിയിൽ ഉന്നതതല യോഗം ചേരും. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ആണ് യോഗം വിളിച്ചിരിക്കുന്നതെന്നാണു വിവരം. സംസ്ഥാന സർക്കാർ, നാവികസേന, കോസ്റ്റ്ഗാർഡ്, മറ്റ് കേന്ദ്ര ഏജൻസികൾ, കേരള മാരിടൈം ബോർഡ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. അഴീക്കലിന് 44 നോട്ടിക്കൽ മൈൽ അകലെ മാത്രം തീപിടിച്ച വാൻ ഹയി 503 കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണു യോഗം വിളിച്ചിരിക്കുന്നത്.
ഇന്നലെ രാവിലെ പടർന്ന തീ അണയ്ക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഹൈ പ്രഷർ വാട്ടർ ജെറ്റ് ഉപയോഗിച്ച് തീ നിയന്ത്രിക്കാൻ കോസ്റ്റ് ഗാർഡ് ശ്രമിക്കുകയാണെന്ന് പ്രതിരോധ സേനാ വക്താവ് അതുൽ പിള്ള പറഞ്ഞു. കോസ്റ്റ്ഗാർഡിന്റെ സചേത്, സമുദ്ര പ്രഹരി തുടങ്ങിയവ രാത്രി മുഴുവൻ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയെന്നു നാവികസേനാ വക്താവ് അറിയിച്ചു. രാവിലെ കോസ്റ്റ്ഗാർഡിന്റെ ഡോർണിയർ വിമാനങ്ങൾ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. കോസ്റ്റ്ഗാർഡിന്റെ സമർഥ് എന്ന കപ്പലും നാവിക സേന കപ്പലായ ഐഎൻഎസ് സത്‍ലജും സ്ഥലത്തുണ്ട്.
കപ്പലിൽ അപകടരമായ രാസവസ്തുക്കൾ അടക്കം ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നതിനിടെ കപ്പൽ മുങ്ങുന്ന സാഹചര്യമുണ്ടാകുമോ എന്നതാണ് ആശങ്ക പടർത്തിയിരിക്കുന്നത്. കപ്പലിലെ കണ്ടെയ്നറുകളിലേക്കും ഇന്നലെ തന്നെ തീ പടർന്നിരുന്നു. കപ്പലിന്റെ മധ്യത്തിനു കുറച്ചു മുമ്പായി പടർന്നു തുടങ്ങിയ തീ പിന്നീട് കപ്പൽ ആകെ വ്യാപിക്കുകയായിരുന്നു. കൊളംബോ തുറമുഖത്തു നിന്ന് മുംബൈയിലെ ജവഹർലാല നെഹ്റു തുറമുഖത്തേക്ക് പോവുകയായിരുന്നു സിംഗപ്പുർ പതാക പേറുന്ന കപ്പൽ. കപ്പലിലെ 18 പേർ രക്ഷപെട്ടെങ്കിലും ഇതിൽ 2 പേർക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾക്കിടെ കാണാതായ 4 പേരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.