വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നതില്‍ പ്രതിപക്ഷം എതിരല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തത് ശരിയല്ലെന്നും വി.ഡി.സതീശന്‍.

…………………………….

നോട്ട് നിരോധനം സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ 2016ലെ തീരുമാനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്രത്തോടും റിസര്‍വ് ബാങ്കിനോടും സുപ്രീം കോടതി നിര്‍ദ്ദേശം. 1000, 500 നോട്ടുകള്‍ അസാധുവാക്കിയത് സംബന്ധിച്ചുള്ള ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. 2016 നവംബര്‍ എട്ടിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിനെ ചോദ്യം ചെയ്ത് 58 ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

…………………………….

കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ നിയന്ത്രണം സംബന്ധിച്ച വിഷയത്തില്‍ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പെണ്‍കുട്ടികള്‍ക്ക് മാത്രം നിയന്ത്രണമെന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. പ്രശ്നക്കാരായ പുരുഷന്‍മാരെയാണ് പൂട്ടിയിടേണ്ടതെന്നും ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണം പെണ്‍കുട്ടികള്‍ക്ക് എന്തിനാണെന്നും കോടതി ചോദിച്ചു.

…………………………….

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചതില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍. ഡോക്ടര്‍മാര്‍ക്ക് എതിരെ നടപടി എടുക്കാതെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

…………………………….

അതിര്‍ത്തിയില്‍ ചൈനയുടെ നീക്കങ്ങള്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി പാര്‍ലമെന്റില്‍ വിദേശകാര്യമന്ത്രിയുടെ പ്രസ്താവന. യുക്രൈന്‍ പ്രതിസന്ധി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാടിന് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം കിട്ടിയെന്നും എസ് ജയ ശങ്കര്‍ വ്യക്തമാക്കി.

…………………………….

ലോകകപ്പ് കാണാനെത്തുന്നവര്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു നല്‍കുന്നതു ദോഹ മെട്രോയ്ക്ക്. സുരക്ഷിത യാത്ര തന്നെയാണ് എല്ലാവരുടെയും സംസാര വിഷയം. പ്രതിദിനം ലക്ഷകണക്കിന് ആരാധകരാണ് മെട്രോയില്‍ യാത്ര ചെയ്യുന്നത്. ഹയാ കാര്‍ഡുള്ളവര്‍ക്ക് ദോഹ മെട്രോയില്‍ യാത്ര സൗജന്യമാണ്.

…………………………….

യുഎഇയില്‍ തൊഴില്‍ കരാര്‍ ഇനി മിനിറ്റുകള്‍ക്കകം ലഭിക്കും. 2 ദിവസം എടുത്തിരുന്ന നടപടിക്രമങ്ങള്‍ സ്മാര്‍ട് സംവിധാനത്തിലൂടെ അര മണിക്കൂറായി കുറച്ചത്. പദ്ധതി ആരംഭിച്ചു 2 ദിവസത്തിനകം 35,000ത്തിലേറെ തൊഴില്‍ കരാറുകള്‍ പൂര്‍ത്തിയാക്കിയതായി മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം വ്യക്തമാക്കി.

…………………………….


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply