കൊച്ചി വാട്ടർ മെട്രോയുടെ പുതിയ ടെർമിനലുകളായ മട്ടാഞ്ചേരി, വില്ലിംഗ്ഡൺ ഐലൻഡ് എന്നിവയുടെ ഉദ്ഘാടനം നാളെ (ഒക്ടോബർ 9) രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മട്ടാഞ്ചേരി ടെർമിനലിൽ വെച്ചാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. ഈ രണ്ട് ടെർമിനലുകൾ കൂടി തുറക്കുന്നതോടെ കൊച്ചി വാട്ടർ മെട്രോയുടെ ആകെ ടെർമിനലുകളുടെ എണ്ണം 12 ആയി ഉയരും. ഈ മേഖലയിലെ വാണിജ്യ, ബിസിനസ്, ടൂറിസം വികസനത്തിന് പുതിയ ടെർമിനലുകളുടെ വരവ് കൂടുതൽ ഊർജ്ജം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ ടെർമിനലുകളുടെ നിർമ്മാണത്തിൽ അതത് പ്രദേശങ്ങളുടെ ചരിത്രപരമായ പൈതൃകത്തിന് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. ഡച്ച് പാലസിൻ്റെ തൊട്ടടുത്താണ് 8000 ചതുരശ്രയടി വിസ്തീർണ്ണമുള്ള മട്ടാഞ്ചേരി ടെർമിനൽ സ്ഥിതി ചെയ്യുന്നത്. വില്ലിംഗ്ഡൺ ഐലൻഡ് ടെർമിനലിന് 3000 ചതുരശ്രയടി വിസ്തീർണ്ണമുണ്ട്. പൈതൃക സമ്പത്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി ഈ രണ്ട് ടെർമിനലുകളും പൂർണ്ണമായും വെള്ളത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. നിർമ്മാണ വേളയിൽ വൃക്ഷങ്ങളും പച്ചപ്പും അതേപടി നിലനിർത്താൻ ശ്രദ്ധിച്ചിട്ടുണ്ട്.
മട്ടാഞ്ചേരി ടെർമിനലിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷനായിരിക്കും. കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി., എം.എൽ.എ.മാരായ കെ.ജെ. മാക്സി, ടി.ജെ. വിനോദ്, കൊച്ചി കോർപ്പറേഷൻ കൗൺസിലർമാരായ റ്റി. പത്മകുമാരി, കെ.എ. ആൻസിയ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിക്കും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

